എല്ലാ പ്രധാനമന്ത്രിമാരും ഇവിടെ ഉണ്ട്; ജാഹ്‌നവി, റുബിക്സ് ക്യൂബിൽ കൗതുകങ്ങളൊരുക്കുന്ന കലാകാരി
എടപ്പാൾ: ഓൺലൈൻ പഠനത്തോടൊപ്പം കലയിലും നൂതന രീതികൾ കാഴ്ചവച്ച് ജാഹ്നവി ശ്രദ്ധേയയാകുന്നു. മുൻ പ്രധാനമന്ത്രിമാരായ ജവാഹർലാൽ നെഹ്റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, നരസിംഹ റാവു, എ.ബി. വാജ്പേയി, മൻമോഹൻ സിങ് എന്നിവർക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖങ്ങൾ ഒരു ബോർഡിൽ കോർത്തിണക്കി ജാഹ്നവി വിസ്മയക്കാഴ്ച ഒരുക്കുകയാണ്.
കുമരനല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം തരം വിദ്യാർഥിനിയായ ജാഹ്നവി എസ്. അശോക് റുബിക്സ് ക്യൂബുകൾ ചേർത്ത് ബാപ്പുജിയുടെ പോർട്രേറ്റും ഗാന്ധി ജയന്തിക്ക് ഒരുക്കിയിരുന്നു. ചെറുപ്പം മുതൽ കൗതുകം തോന്നുന്ന വസ്തുക്കളുടെ രൂപം പേപ്പർ കാർഡ്ബോർഡ് കഷണങ്ങൾ എന്നിവ ചേർത്ത് വച്ചു ഉണ്ടാക്കുമായിരുന്നു.
റുബിക്സ് ക്യൂബുകൾ ചേർത്ത് വച്ചാണ് മൊസെയ്ക് ആർട്ട് പോർട്രേറ്റുകൾ ഉണ്ടാക്കുന്നത്. ജ്ഞാനപീഠ ജേതാവും കുമരനല്ലൂർ വിദ്യാലയത്തിലെ പൂർവ വിദ്യാർഥിയുമായ അക്കിത്തം അച്യുതൻ നമ്പൂതിരിയുടെ മുഖചിത്രം റുബിക്സ് ക്യൂബുകളിൽ തയാറാക്കിയായിരുന്നു മൊസെയ്ക് ആർട്ടിൽ തുടക്കം. ഓരോ വിശേഷ ദിവസവും അതുമായി ബന്ധപ്പെട്ട പോർട്രേറ്റുകൾ ഉണ്ടാക്കുന്നത് ഇപ്പോൾ ഹോബിണ്.
ലോകപ്രശസ്ത ഗായിക വിദ്യാ വോക്സിന് പിറന്നാൾ ദിവസം അയച്ച പോർട്രേറ്റിന് നന്ദി അറിയിച്ച് അവർ ഇ മെയിൽ ഇയച്ചിരുന്നു. 2019ൽ വേൾഡ് ക്യൂബ് അസോസിയേഷൻ സംഘടിപ്പിച്ച മത്സരത്തിൽ പങ്കെടുത്തതിലൂടെ സംഘടനയിൽ അംഗത്വം ലഭിച്ചു. എടപ്പാൾ കെഎസ്ഇബി ഓഫിസിലെ എൻജിനീയർ അശോക കുമാറിന്റെയും, കുമരനല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക ശുഭശ്രീയുടെയും മകളാണ്. ഒന്നര വയസ്സുകാരി മേഘ്നവി എസ്. അശോക് സഹോദരിയാണ്.