മദ്യപിച്ച് അപകടം ഉണ്ടാക്കിയാൽ ലൈസൻസ് ഉടൻ റദ്ദാക്കണം; ഹൈക്കോടതി
കൊച്ചി: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കുന്നവരുടെ ഡ്രൈവിങ് ലൈസൻസ് ക്രിമിനൽ വിചാരണ പൂർത്തിയാകുന്നതിനു മുൻപുതന്നെ സസ്പെൻഡ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യണമെന്ന് ഹൈക്കോടതി. ഇതിന് ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കാൻ ട്രാൻസ്പോർട്ട് കമ്മിഷണർക്ക് ജസ്റ്റിസ് കൗസർ എടപ്പഗത്ത് നിർദേശം നൽകി. അപകടത്തിന് പ്രാഥമികമായി ഡ്രൈവറുടെ മദ്യപാനമാണ് കാരണമെന്ന് ബോധ്യപ്പെട്ടാൽ ലൈസൻസിങ് അതോറിറ്റി നിയമപ്രകാരം നടപടി സ്വീകരിക്കണം.
മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 19 പ്രകാരം ക്രിമിനൽ വിചാരണ തീരുന്നതുവരെ കാത്തിരിക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. ഇത്തരം കേസുകളിൽ ലൈസൻസ് കുറഞ്ഞത് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്യണമെന്ന സുപ്രിംകോടതിയുടെ നിർദേശവും കോടതി ചൂണ്ടിക്കാട്ടി. തൃശൂരിൽ മദ്യപിച്ച് സ്കോർപിയോ ഓടിച്ച് ബൈക്ക് യാത്രക്കാരന്റെ മരണത്തിനിടയാക്കിയെന്ന കേസിലെ പ്രതിക്ക് ജാമ്യം അനുവദിച്ച ഉത്തരവിലാണ് നിർദേശം.