മിനി സിവിൽ സ്റ്റേഷൻ ‘വിഭാവനം’ മാത്രം; നടപടിയില്ല !!; അധികൃതർ സർവേ നടത്തി, അവിടെ തീർന്നു നടപടി
എടപ്പാൾ: പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിലുള്ള സ്ഥലത്ത് മിനി സിവിൽ സ്റ്റേഷൻ ആരംഭിക്കാനുള്ള നീക്കം എങ്ങുമെത്തിയില്ല. പട്ടാമ്പി റോഡിൽ ബ്ലോക്ക് ഓഫിസിന് മുൻവശത്തെ സ്ഥലത്താണ് സിവിൽ സ്റ്റേഷൻ വിഭാവനം ചെയ്തത്. കെ.ടി.ജലീൽ ഇടപെട്ട് ബജറ്റിൽ ഇതിനായി 5 കോടി രൂപയും വകയിരുത്തി. കെട്ടിടത്തിന്റെ എസ്റ്റിമേറ്റ് എടുത്ത് ബന്ധപ്പെട്ട അധികൃതർ സർവേ നടത്തുകയും ചെയ്തു. എന്നാൽ പിന്നീട് നടപടികൾ പുരോഗമിച്ചില്ല.
ബ്ലോക്കിന് മുൻവശത്തെ പഴയ കൃഷി ഭവൻ കെട്ടിടം, പട്ടികജാതി ഓഫിസ്, ഗ്രാമ ന്യായാലയം, ക്ഷീര വികസന ഓഫിസ്, ലൈബ്രറി, എന്നീ പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി ഈ സ്ഥലം കൂടി വിനിയോഗിച്ച് വിശാലമായ സൗകര്യം ഒരുക്കാവുന്നതാണ്. നിലവിൽ വിവിധ ആവശ്യങ്ങൾക്കും രേഖകൾ ശരിയാക്കാനും ജനങ്ങൾ കിലോമീറ്ററുകൾ ഓടി നടക്കേണ്ട അവസ്ഥയിലാണ്.
എഇ ഓഫിസ്, റജിസ്ട്രാർ ഓഫിസ് തുടങ്ങി സർക്കാരിന് കീഴിലെ വിവിധ ഓഫിസുകൾ വാടക കെട്ടിടങ്ങളിൽ ആണ് പ്രവർത്തിക്കുന്നത്. മിനി സിവിൽ സ്റ്റേഷൻ യാഥാർഥ്യമായാൽ ഇവയെല്ലാം ഒരു കുടക്കീഴിൽ ആക്കുന്നത് ജനങ്ങൾക്ക് ഏറെ പ്രയോജനപ്പെടും. ഇതിനായി ബന്ധപ്പെട്ട അധികൃതർ ഭരണ തലത്തിൽ സമ്മർദ്ദം ചെലുത്തണമെന്നു മാത്രം.