പുതിയ അധ്യയനവർഷത്തിൽ കുട്ടികളുടെ യാത്ര ദുരിതത്തിലാക്കും
പുതിയ അധ്യയനവർഷത്തിൽ പൊതു യാത്രാവാഹനങ്ങളുടെ കുറവ് വിദ്യാർഥികളുടെ യാത്ര ദുരിതത്തിലാക്കും. യാത്രാനിരക്കിളവിൽ മാറ്റംവരുത്തിയില്ലെങ്കിലും ചെലവും ഉയരും. കോവിഡിനുമുമ്പ് 5500 ബസുകൾ ഓടിച്ചിരുന്ന കെ.എസ്.ആർ.ടി.സി., 3500-ൽ താഴെയായി ചുരുക്കി. 15,000 സ്വകാര്യബസുകൾ ഉണ്ടായിരുന്നത് ഏഴായിരത്തിൽ താഴെയായി. വിദ്യാർഥികൾക്ക് ആവശ്യമായ ബസുകൾ നിരത്തിലുണ്ടാകില്ലെന്ന് വ്യക്തം.
35,612 അംഗീകൃത സ്കൂൾവാഹനങ്ങളുണ്ടെങ്കിലും ലോക്ഡൗണിൽ ഒതുക്കിയിട്ടിരുന്ന ഇവയെല്ലാം അറ്റകുറ്റപ്പണിതീർത്ത് ഇറക്കിയിട്ടില്ല. ഒരു ബസ് അറ്റകുറ്റപ്പണിക്ക് കുറഞ്ഞത് ഒന്നേകാൽലക്ഷം വേണ്ടിവരും. പലയിടത്തും സർക്കാർ സ്കൂൾ അധ്യാപക-രക്ഷാകർത്തൃസമിതിക്ക് ഇതിനുള്ള തുക കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സാമ്പത്തികബാധ്യത കാരണം സ്വകാര്യ സ്കൂൾ മാനേജ്മെന്റുകളും ബസുകളെല്ലാം ഇറക്കിയിട്ടില്ല.
രക്ഷകർത്താക്കൾ കൂട്ടുചേർന്ന് വാഹനങ്ങൾ ഏർപ്പെടുത്തേണ്ടിവരും. ഇന്ധന വിലവർധനയെത്തുടർന്ന് മിനി വാൻ, കാർ, ഓട്ടോറിക്ഷ എന്നിവയുടെ നിരക്ക് ഉയർത്തിയിട്ടുണ്ട്. ഒരു വിദ്യാർഥിക്ക് മുൻവർഷത്തെ അപേക്ഷിച്ച് 200 മുതൽ 300 രൂപയുടെവരെ വർധനയ്ക്ക് സാധ്യതയുണ്ട്.
സ്കൂൾവാഹനങ്ങളുടെ സുരക്ഷാമാനദണ്ഡങ്ങൾ ഇങ്ങനെ
• മുന്നിലും പിറകിലും എജ്യുക്കേഷൻ ഇൻസ്റ്റിറ്റിയൂഷൻ വാഹനം എന്ന ബോർഡ് നിർബന്ധം (കുട്ടികളെ കൊണ്ടുപോകുന്ന മറ്റു വാഹനങ്ങളിൽ ഓൺസ്കൂൾ ഡ്യൂട്ടി ബോർഡ് വേണം)
• സ്കൂൾമേഖലയിൽ മണിക്കൂറിൽ 30 കിലോമീറ്ററും മറ്റു റോഡുകളിൽ 50 കിലോമീറ്ററും പരമാവധി വേഗം. സ്പീഡ് ഗവേണർ, ജി.പി.എസ്., അഗ്നിശമന ഉപകരണം എന്നിവ നിർബന്ധം.
• ഡ്രൈവർക്ക് കുറഞ്ഞത് 10 വർഷത്തെ പ്രവൃത്തിപരിചയം വേണം. ഹെവി വാഹനങ്ങളിൽ അഞ്ചുവർഷം പരിചയം.
• ഡ്രൈവർമാർക്ക് വെള്ളഷർട്ടും കറുപ്പ് പാന്റും യൂണിഫോം. തിരിച്ചറിയൽ കാർഡ് നിർബന്ധം.
• പൊതുവാഹനങ്ങളിലെ ഡ്രൈവർമാർക്ക് കാക്കി യൂണിഫോം വേണം.
• ഡ്രൈവർമാർ മദ്യപിച്ച് വാഹനമോടിച്ചതിനോ അതിവേഗത്തിനോ അപകടകരമായി വാഹനമോടിച്ചതിനോ മറ്റ് കുറ്റകൃത്യങ്ങൾക്കോ ശിക്ഷിക്കപ്പെട്ടവരാകരുത്.
• വെറ്റിലമുറുക്ക്, മദ്യപാനം, ലഹരിവസ്തുക്കളുടെ ഉപയോഗം എന്നിവ ഒഴിവാക്കണം.
• ഓരോ വാതിലുകൾക്കും ഡോർ അറ്റൻഡർമാർ വേണം. 12 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് ഒരു സീറ്റിൽ രണ്ടുപേർക്ക് യാത്രചെയ്യാം. നിന്ന് യാത്രചെയ്യരുത്.
• യാത്രചെയ്യുന്ന കുട്ടികളുടെ പേര്, മറ്റു വിവരങ്ങൾ എന്നിവ രേഖപ്പെടുത്തിയ രജിസ്റ്റർ വാഹനത്തിലുണ്ടാകണം.
• ഡോറുകൾക്ക് ലോക്കുകളും ജനലുകൾക്ക് ഷട്ടറുകളും സൈഡ് ബാരിയറുകളും ഉണ്ടായിരിക്കണം.
• കുട്ടികൾ കയറുന്നതും ഇറങ്ങുന്നതും ഡ്രൈവർക്ക് കാണാൻ പാകത്തിൽ ഗ്ലാസുകൾ സ്ഥാപിക്കണം.
• വാഹനങ്ങളുടെ മേൽനോട്ടത്തിന് നോഡൽ ഓഫീസറായി അധ്യാപകരെ നിയോഗിക്കണം.
• സ്കൂളിന്റെ പേരും ഫോൺനമ്പറും വാഹനത്തിന്റെ ഇരുവശങ്ങളിലും പ്രദർശിപ്പിക്കണം.
• വാഹനത്തിന്റെ പിറകിൽ ചൈൽഡ് ലൈൻ, പോലീസ്, ആംബുലൻസ്, ഫയർഫോഴ്സ് നമ്പറുകൾ രേഖപ്പെടുത്തണം.