കേരള ബഡ്ജറ്റ്; എടപ്പാളിൽ പോലീസ് സ്റ്റേഷൻ അനുവദിച്ച് യു.ഡി.എഫ് സർക്കാർ
കാൽ നൂറ്റാണ്ടിൻ്റെ കാത്തിരിപ്പിന് വിരാമം,എടപ്പാൾ പോലീസ് സ്റ്റേഷൻ യാഥാർത്ഥ്യ ലേക്ക്
എടപ്പാൾ: എടപ്പാളിൽ ഒരു പോലീസ് സ്റ്റേഷൻ എന്ന ആവശ്യത്തിന് കാൽ നൂറ്റാണ്ടിലേറെ പഴക്കമുണ്ട്.ഇന്നത്തെ സപ്ലിമെൻ്റെറി ബഡ്ജറ്റിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ചതോടെ യാഥാർത്ഥ്യമാവുകയാണന്ന് തവനൂർ എം.എൽ.എ വി എസ് ജോയ് അറിയിച്ചു. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് നൽകിയ വാഗ്ദാനങ്ങളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു എടപ്പാൾ പോലീസ് സ്റ്റേഷൻ. സ്ഥലം എം.എൽ.എയുടെ ശക്തമായ ഇടപെടലിനെ തുടർന്ന് ആദ്യ ബഡ്ജറ്റിൽ തന്നെ പ്രഖ്യാപിക്കുകയായിരുന്നു.
കേരളത്തിൽ 140 നിയോജക മണ്ഡലങ്ങളിൽ പോലീസ് സ്റ്റേഷനില്ലാത്ത ഏക നിയോജകമണ്ഡലം എന്ന പേരുദോഷം ഇതോടെ തവനൂർ മാറ്റി.
ഇതോടെ വട്ടംകുളം,എടപ്പാൾ പഞ്ചായത്ത് പൂർണ്ണമായും കാലടി പഞ്ചായത്ത് ഭാഗികമായും നിർദ്ദിഷ്ട പരിധിയിൽ ഉൾപ്പെടും. നേരത്തെ വാർഷിക ബഡജറ്റിൽ വകയിരുത്തിയ 16.5 കോടിക്ക് പുറമെ കൂട്ടായി റെഗുലേറ്റർ കം ബ്രിഡ്ജിന് 5 കോടി രൂപയും വകയിരുത്തിയതായി എം.എൽ.എ അറിയിച്ചു.
പ്രശസ്തനായ ചിത്രകാരനും ശില്പിയുമായ കെ.എം. വാസുദേവൻ നമ്പൂതിരി എന്ന ആർട്ടിസ്റ്റ് നമ്പൂതിരിയുടെ സ്മരണക്കായി കൾച്ചറൽ സെന്റർ & മ്യൂസിയം തുടങ്ങുന്നതിനും മറ്റും ഒരു കോടി വകയിരുത്തിയതായി എം.എൽ.എ അറിയിച്ചു. മത്സ്യത്തൊഴിലാളികൾക്ക് വേണ്ടിയുള്ള പ്രത്യേക ഭവന പദ്ധതി പുനരാരംഭിക്കുമെന്ന് പറഞ്ഞത് നിയോജകമണ്ഡലത്തിലെ തീരദേശ മേഖലക്ക് വലിയ ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കർമ്മ റോഡ് ചമ്രവട്ടം പാലം-കുറ്റിപ്പുറം എക്സ്റ്റൻഷൻ,നരിപ്പറമ്പ് ജംഗ്‌ഷൻ നവീകരണം,പുല്ലുണി-കാരാറ്റ് കടവ് പാലം,നടുവട്ടം ജംഗ്‌ഷൻ നവീകരണം,ഭാരതപ്പുഴ ഇന്ദിരാജീ പട്ടിക ജാതി സങ്കേതം (പുറത്തൂർ) ഭാഗം പുഴയോര ഭിത്തി നിർമ്മാണം എന്നിവക്ക് ബജറ്റിൽ ടോക്കൺ അനുവദിച്ചു.