കുറ്റിപ്പുറം ജി.എൽ.പി സ്കൂളിന് പുതിയ കെട്ടിടം അനുവദിക്കണം; എം.എൽ.എയ്ക്ക് നിവേദനം നൽകി
കുറ്റിപ്പുറം: കുറ്റിപ്പുറം ജി.എൽ.പി സ്കൂളിന് പുതിയ കെട്ടിടം അനുവദിക്കണമെന്നാവശ്യപ്പെട്ട് എം.എൽ.എയ്ക്ക് നിവേദനം നൽകി. 115 വർഷം പഴക്കമുള്ള നിലവിലെ കെട്ടിടത്തിന്റെ കാലപ്പഴക്കവും ശോചനീയാവസ്ഥയും സ്കൂളിന്റെ വളർച്ചയ്ക്കും വിദ്യാർത്ഥികളെ ആകർഷിക്കുന്നതിനും തടസ്സമാകുന്നതായി പി.ടി.എയും രക്ഷിതാക്കളും ചൂണ്ടിക്കാട്ടി. സ്കൂളിന്റെ പ്രതാപകാലത്ത് 250 ഓളം വിദ്യാർത്ഥികൾ പഠിച്ചിരുന്ന ഈ എൽ.പി സ്കൂളിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും കെട്ടിടത്തിന്റെ പഴക്കവും കാരണം കുട്ടികളെ പ്രവേശിപ്പിക്കാൻ രക്ഷിതാക്കൾ താൽപര്യം പ്രകടിപ്പിക്കാത്ത സാഹചര്യമാണുള്ളത്. പുതിയ കെട്ടിടം യാഥാർഥ്യമാകുന്നതോടെ ആധുനിക സൗകര്യങ്ങളോടുകൂടിയ മികച്ച വിദ്യാഭ്യാസ അന്തരീക്ഷം ഒരുക്കാനും കൂടുതൽ വിദ്യാർത്ഥികളെ സ്കൂളിലേക്ക് ആകർഷിക്കാനും സാധിക്കുമെന്ന് നിവേദനത്തിൽ വ്യക്തമാക്കി. കുറ്റിപ്പുറം ടൗണിനോട് ചേർന്നുള്ളതും ആളുകൾക്ക് വളരെ സൗകര്യപ്രദമായി എത്തിച്ചേരാൻ കഴിയുന്നതുമായ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. കൂടാതെ തൊട്ടടുത്തായി ഹയർ സെക്കൻഡറി സ്കൂൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിലവിലുള്ളതും സ്കൂളിന്റെ വികസനത്തിന് അനുകൂലമായ ഘടകമാണെന്നും ചൂണ്ടിക്കാട്ടി. വാർഡ് മെമ്പർ ആബിദ് വരിക്കപ്പുലാക്കൽ, കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൈപ്പള്ളി അബ്ദുള്ളക്കുട്ടി, ജില്ലാ പഞ്ചായത്ത് മെമ്പർ നസീമ വെളേരി, ഹെഡ്മിസ്ട്രസ് റജീന ടീച്ചർ, ജംഷീന ടീച്ചർ, പി.ടി.എ പ്രസിഡന്റ് ഹുസൈൻ വകയിൽ, നസീമ, ജുബൈരിയ, ഷെജീറ എന്നിവർ നിവേദനം നൽകുന്നതിൽ പങ്കെടുത്തു. MP2 KTU SCHOOL കുറ്റിപ്പുറം ജി.എൽ.പി സ്കൂളിന് പുതിയ കെട്ടിടം അനുവദിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് സ്കൂൾ അധികൃതർ എം.എൽ.എയ്ക്ക് നിവേദനം നൽകുന്നു.