മൈലാഞ്ചിക്കൈകളുടെ താളവിസ്മയം തീർത്ത് എടപ്പാൾ ഉപജില്ലാ കലോത്സവം
എടപ്പാൾ ഉപജില്ലാ കലോത്സവത്തിൻ്റെ രണ്ടാം ദിനം ഒപ്പനച്ചുവടുകളുടെ താളപ്പെരുക്കത്തിൽ നിറഞ്ഞു . കൈക്കൊട്ടിൻ്റെ താളവും മൈലാഞ്ചിയണിഞ്ഞ കൈകളുടെ ചലനങ്ങളും വട്ടത്തിൽ ചുവട് വെക്കുന്ന കലാകാരികളുടെ മെയ്വഴക്കവും വേദിയെ ആഘോഷ ഭരിതമാക്കി.വാശിയേറി പോരാട്ടവുമാണ് രണ്ടാം ദിവസം എടപ്പാൾ ഉപജില്ലാ കലോത്സവത്തിൻ്റെ വേദികൾ ഉണർന്നത് . മിമിക്രിയും , മോണോ ആക്ടും, വട്ടപ്പാട്ടും അറബനമുട്ടും ഒപ്പനയുമൊക്കെയായി കുട്ടികൾ വേദികൾ കീഴടക്കി.ഒന്നാം ദിവസം രാത്രി 8 മണിയോടെയാണ് മത്സരങ്ങൾ അവസാനിച്ചത് .
പോരാട്ട ചൂടിൻ്റെ ക്ഷീണം മനസിനെ തളർത്താതെയാണ് രണ്ടാം ദിനത്തിൽ കുട്ടികൾ മത്സരത്തിനായി വേദികളിൽ എത്തിയത് . വേദി 1 ൽ LP, UP വിഭാഗം മോണോആക്ട്, UP വിഭാഗം നാടകം എന്നിവയാണ് നടന്നത്. വേദി 2 ൽ നടന്ന UP, HS, HSS വിഭാഗം ഒപ്പനയിൽ മെഞ്ചത്തിമാരായ മണവാട്ടിമാർ കാണികളുടെ മനം കവർന്നപ്പോൾ വേദി 3ൽ നടന്ന വട്ടപ്പാട്ടിലൂടെ മെഞ്ചൻമാരായ പുതിയാപ്ലമാർ കാണികളെ കയ്യിലെടുത്തു. ദഫ് മുട്ട്, അറബനമുട്ട്, കോൽക്കളി, മിമിക്രി, മോണോ ആക്ട്, സ്കിറ്റ്, മൂകാഭിനയം, സംഘഗാനം, ലളിതഗാനം തുടങ്ങിയവയും സംസ്കൃതോത്സവം, അറബിക് സാഹിത്യോത്സവം എന്നിവയും മറ്റ് വിഭാഗങ്ങളിലെ മത്സരങ്ങൾ നടന്നു.