BREAKING NEWSKERALA

ഗോരക്ഷാ ഗുണ്ടകളുടെ അതിക്രമം; സംസ്ഥാനത്ത് കന്നുകാലി വരവ് കുറഞ്ഞു, ബീഫ് വില കുതിക്കുന്നുഇടുക്കിയിലും എറണാകുളത്തും വില 500 രൂപയിലേക്ക് അടുത്തു

കൊച്ചി: സംസ്ഥാനത്ത് കന്നുകാലികളുടെ വരവ് കുത്തനെ കുറഞ്ഞതോടെ ബീഫ് വിലയിൽ വൻ വർധനവ്. അയൽസംസ്ഥാനങ്ങളിൽ നിന്നുള്ള കന്നുകാലി വിതരണം തടസപ്പെട്ടതാണ് വിപണിയിൽ പെട്ടെന്നുള്ള വിലക്കയറ്റത്തിന് കാരണമായിരിക്കുന്നത്. ഇടുക്കി, എറണാകുളം ജില്ലകളിൽ പലയിടങ്ങളിലും ബീഫ് വില കിലോഗ്രാമിന് 500 രൂപയിലേക്ക് അടുക്കുകയാണ്. വിലക്കയറ്റവും കന്നുകാലികളുടെ ക്ഷാമവും മൂലം കനത്ത നഷ്ടം നേരിടുന്ന പശ്ചാത്തലത്തിൽ തൊടുപുഴയിലെ ഒട്ടുമിക്ക വ്യാപാരികളും ബീഫ് വിൽപ്പന താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.

മഹാരാഷ്ട്രയിൽ നിന്നും കേരളത്തിലേക്ക് കന്നുകാലികളുമായി പുറപ്പെട്ട 16 ലോറികൾ ഗോരക്ഷാ ഗുണ്ടകൾ വഴിയിൽ തടഞ്ഞ് തട്ടിയെടുക്കുകയായിരുന്നു. ഇതാണ് നിലവിലെ വിതരണ പ്രതിസന്ധിക്ക് പ്രധാന കാരണമായി വ്യാപാരികൾ ചൂണ്ടിക്കാണിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കന്നുകാലികളെ എത്തിക്കുന്ന വാഹനങ്ങൾക്ക് നേരെ നിരന്തരം അതിക്രമങ്ങൾ ഉണ്ടാകുന്നത് വ്യാപാരികളെയും ലോറി ജീവനക്കാരെയും ഒരുപോലെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. സുരക്ഷിതമായി കന്നുകാലികളെ സംസ്ഥാനത്ത് എത്തിക്കാൻ കഴിയാത്തതാണ് വിപണിയിലെ പെട്ടെന്നുള്ള കടുത്ത ക്ഷാമത്തിന് വഴിതെളിച്ചത്.

വില അനിയന്ത്രിതമായി ഉയർന്നതോടെ സാധാരണക്കാരായ
ഉപഭോക്താക്കൾ ബീഫ് വാങ്ങുന്നത് കുറച്ചിരിക്കുകയാണ്. ഉയർന്ന വിലയ്ക്ക് കന്നുകാലികളെ വാങ്ങി കുറഞ്ഞ വിലയ്ക്ക് ഇറച്ചി വിൽക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് വ്യാപാരികൾ. ഇതോടെയാണ് നഷ്ടം താങ്ങാനാകാതെ തൊടുപുഴയിലെ ഇറച്ചിക്കച്ചവടക്കാർ കച്ചവടം പൂർണമായും അവസാനിപ്പിച്ചത്.

ഈ കടുത്ത പ്രതിസന്ധിയിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ പ്രമുഖ കാലിച്ചന്തകളിൽ ഇന്ന് വ്യാപാരികളുടെയും തൊഴിലാളികളുടെയും നേതൃത്വത്തിൽ ശക്തമായ പ്രതിഷേധ പ്രകടനങ്ങൾ നടക്കുകയാണ്. കന്നുകാലി വിതരണം സുഗമമാക്കാനും വ്യാപാരികൾക്ക് സുരക്ഷ ഉറപ്പാക്കാനും സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. വിപണിയിലെ ഈ പ്രതിസന്ധി വരും ദിവസങ്ങളിൽ ഹോട്ടൽ മേഖലയെയും സാരമായി ബാധിച്ചേക്കുമെന്നാണ് വിലയിരുത്തൽ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button