സർവോദയ മേള ജനകീയ ഉത്സവമാക്കും: സർവോദയ ഗാന്ധി മാർഗ്ഗ പ്രവർത്തക സംഗമം
എടപ്പാൾ: ഗാന്ധിയൻ ആദർശധാരയിൽ വിശ്വസിക്കുന്ന എല്ലാവരെയും ഒറ്റക്കെട്ടായി അണിനിരത്തി അടുത്തവർഷം ഫെബ്രുവരിയിൽ നടക്കുന്ന സർവോദയ മേള ജനകീയ ഉത്സവമായി സംഘടിപ്പിക്കാൻ സർവ്വോദയ – ഗാന്ധിമാർഗ്ഗ പ്രവർത്തകരുടെ സംസ്ഥാന സംഗമം തീരുമാനിച്ചു. സർവ്വ ധർമ്മസമഭാവം, സമഗ്ര പുരോഗതി, യുവശക്തി, വനിതാമുന്നേറ്റം എന്നീ പ്രമേയങ്ങൾക്ക് പ്രാധാന്യം നൽകിയുള്ളതായിരിക്കും സർവ്വോദയ മേള.
മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ ജനുവരി 30 മുതൽ അദ്ദേഹത്തിന്റെ ചിതാഭസ്മം ഭാരതപ്പുഴയിൽ നിമഞ്ജനം ചെയ്ത ഫെബ്രുവരി 12 വരെയുള്ള ദിവസങ്ങളിൽ സർവോദയ പക്ഷമായി ആചരിക്കും. സർവോദയ മേളയുടെ ഭാഗമായി സംസ്ഥാനതല പ്രചാരണ വാഹനജാഥ സംഘടിപ്പിക്കുമെന്നും ആചാര്യ വിനോബ ഭാവേയുടെ ഓർമ്മ ദിനത്തിൽ തവനൂരിൽ നടന്ന സംഗമം തീരുമാനം കൈക്കൊണ്ടു. മേളയുടെ അനുബന്ധ പരിപാടികളുടെ ഭാഗമായി എല്ലാ ജില്ലകളിലും പ്രത്യേക കൺവെൻഷനുകളും വിദ്യാർഥികൾക്ക് മത്സരങ്ങളും സംഘടിപ്പിക്കും.സർവോദയമേള കമ്മിറ്റി ചെയർമാൻ മുൻ എം പി സി.ഹരിദാസ് ഉദ്ഘാടനം ചെയ്തു.
മേള കമ്മിറ്റി ജനറൽ കൺവീനർ അഡ്വ. എ. എം. രോഹിത് അദ്ധ്യക്ഷത വഹിച്ചു. ഡോ എംപി മത്തായി, കെ ജി ജഗദീശൻ , എം പീതാംബരൻ, ടി ബാലകൃഷ്ണൻ, ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ, ഡോ. ജേക്കബ് വടക്കുംചേരി, ടി കെ എ അസീസ്, ഇയ്യച്ചേരി പത്മിനി, പവിത്രൻ തില്ലങ്കേരി, സണ്ണി പൈക്കട, യു രാമചന്ദ്രൻ, ഉണ്ണികൃഷ്ണൻ പൊന്നാനി, ശ്യാം പ്രസാദ്, വി ആർ മോഹനൻ നായർ, കെ രവീന്ദ്രൻ, ഫിറോസ് ഖാൻ അണ്ണക്കമ്പാട്, സുരേന്ദ്രൻ വെട്ടത്തൂർ, സുമൻ ജിത്ത് മിഷ, ഉമ്മർ ചിറക്കൽ, നാസർ കൊട്ടാരത്തിൽ, ഉഷ കുമ്പിടി, സന്തോഷ് മലമ്പുഴ തുടങ്ങിയവർ പ്രസംഗിച്ചു, എം എം സുബൈദ വൈഷ്ണവ ജനത എന്ന ഗാനമാലപിച്ചാണ് സംഗമത്തിന് തുടക്കം കുറിച്ചത്.