എടപ്പാള്‍ ശുകപുരം ദക്ഷിണാമൂര്‍ത്തി ക്ഷേത്രത്തില്‍ നടത്തുന്ന ഋഗ്വേദ ലക്ഷാര്‍ച്ചന ഡിസംബര്‍ 6 മുതല്‍ 13 വരെ
എടപ്പാൾ: ശുകപുരം ശ്രീ ദക്ഷിണാമൂർത്തി ക്ഷേത്രത്തിൽ നടത്തുന്ന ഋഗ്വേദ ലക്ഷാർച്ചന ഡിസംബർ 6 മുതൽ 13 വരെ വിവിധ പരിപാടികളോടെ നടത്തുമെന്ന് സംഘാടകർ എടപ്പാൾ നാറാത്ത് മനയിൽ വിളിച്ചുചേർത്ത വാർത്ത സമ്മേളനത്തിൽ അറിയിച്ചു3500 വർഷത്തിലധികം പഴക്കമുള്ള ശുകപുരം ദക്ഷിണാമൂർത്തി ക്ഷേത്രത്തിൽ പൗരാണിക കാലത്ത് നടത്തിവന്നിരുന്ന ഋഗ്വേദ ലക്ഷാർച്ചനക്കും ഏകാദശ രുദ്രത്തിനും മറ്റ് വിശേഷാൽ പൂജാദി കർമ്മങ്ങൾക്കും ഒരിക്കൽ കൂടി വേദിയൊരുങ്ങുന്നു.
ദക്ഷിണാമൂർത്തി ക്ഷേത്രത്തിലെ തന്ത്രി കാലടി പടിഞ്ഞാറേടത്ത് ശങ്കരൻ ഉണ്ണി നമ്പൂതിരിപ്പാടിന്റെയും വേദജ്ഞരായ ചെറുമുക്ക് വൈദികൻ വല്ലഭൻ അക്കത്തിരിപ്പാട്,നാറാസ് രവീന്ദ്രൻ നമ്പൂതിരിഎന്നിവരുടെ നേതൃത്വത്തിലാണ് ഋഗ്വേദ ലക്ഷാർച്ചനയും ഏകാദശരുദ്രവും മറ്റു വിശേഷാൽ ചടങ്ങുകളും നടത്തുന്നത്. ഡിസംബർ 5 ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തോടെയാണ് ചടങ്ങുകൾ ആരംഭിക്കുക .ക്ഷേത്രം തന്ത്രി കാലടി പടിഞ്ഞാറേടത്ത് ശങ്കരൻ ഉണ്ണി നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിക്കും.
മലബാർ ദേവസ്വം ബോർഡ് പ്രസിഡൻറ് ഒ.കെ വാസു മാസ്റ്റർ അധ്യക്ഷത വഹിക്കും. കണ്ണൂർ ഡി എം ഓ അഡീഷണൽ ഡയറക്ടർ ഡോ :പീയൂഷ് എം നമ്പൂതിരി ചടങ്ങ് ഉദ്ഘാടനം നിർവഹിക്കും. മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ ടി സി ബിജു,മലബാർ ദേവസ്വം ബോർഡ് അംഗം കെ എൻ ഉദയൻ,മലബാർ ദേവസ്വം ബോർഡ് ഏരിയ കമ്മിറ്റി ചെയർമാൻ ബേബി ശങ്കർ,മലബാർ ദേവസ്വം ബോർഡ് അസിസ്റ്റൻറ് കമ്മീഷണർ പി ഗിരീഷ് കുമാർ,ഗുരുവായൂർ ശബരിമല മുൻമേൽശാന്തി തെക്കിനിയേടത്ത് കൃഷ്ണൻ നമ്പൂതിരി,ട്രസ്റ്റി ബോർഡ് ചെയർമാൻ കെ സദാനന്ദൻ ,ശുകപുരം ദക്ഷിണാമൂർത്തി ദേവസ്വം .എക്സിക്യൂട്ടീവ് ഓഫീസർ എൻ ഉണ്ണികൃഷ്ണൻ തുടങ്ങി നിരവധി പ്രമുഖർ സംസാരിക്കും.
ആറാം തീയതി രാവിലെ 4 30ന് അഭിഷേകം മലർനിവേദ്യം, കലശപൂജ, മഹാഗണപതി ഹോമം തുടങ്ങിയ ചടങ്ങുകൾക്കു ശേഷം ഋഗ്വേദ ലക്ഷാർച്ചനയ്ക്ക് തുടക്കം കുറിക്കും.തുടർന്നുള്ള ദിവസങ്ങളിൽ കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങളിൽ നിന്നുള്ള തന്ത്രിമാരും മറ്റ് ആചാര്യന്മാരും ഋഗ്വേദ ലക്ഷാർച്ചനയിലെ വിവിധ ചടങ്ങുകളിൽ പങ്കെടുക്കും.
ഋഗ്വേദ ലക്ഷാർച്ചനയുടെ ഭാഗമായി സാംസ്കാരിക സമ്മേളനങ്ങൾ കലാപരിപാടികൾ എന്നിവയും നടക്കുമെന്ന് ഭാരവാഹികളായ ഗോപാൽ മേലോർകോട് ,ഡോ : നാറാസ് രവീന്ദ്രൻ നമ്പൂതിരി,തെക്കിനിയേടത്ത് കൃഷ്ണൻ നമ്പൂതിരി,ഊരേങ്കര സിനോജ് നമ്പൂതിരി, നാറാസ് നാരായണൻ നമ്പൂതിരി,നാറാസ് അഗ്നി ശർമ്മൻ നമ്പൂതിരി എന്ന കുഞ്ഞൻ,അരിത്തോട്ടം പ്രസാദ് നമ്പൂതിരി,കെ സദാനന്ദൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.