‘V focus’ കേന്ദ്ര സർവ്വ കലാശാലയിലേക്ക് ചുവട് വെച്ച് വട്ടംകുളം ഗ്രാമ പഞ്ചായത്ത്
വട്ടംകുളം : കേന്ദ്ര സർവ്വകലാശാലയിലെ പ്രവേശന പരീക്ഷക്ക് വട്ടംകുളം പഞ്ചായത്തിലെ വിദ്യാർത്ഥികളെ പ്രാപ്തമാക്കുന്നതിനായി ഗ്രാമ പഞ്ചായത്ത് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന സൗജന്യ പരിശീലന പദ്ധതിയായ വി-ഫോക്കസിന് തുടക്കമായി. പദ്ധതിയിലേക്കുള്ള വിദ്യാർഥികളുടെ ആദ്യ ഘട്ടമായ സ്ക്രീനിംഗ് ടെസ്റ്റ് സംഘടിപ്പിച്ചു.വട്ടംകുളം ഗ്രാമ പഞ്ചായത്തിലെ വിദ്യാർഥികളെ ഉന്നത മത്സരപരീക്ഷകൾക്ക് സജ്ജരാക്കി,രാജ്യത്തെ മികച്ച കലാലയങ്ങളിലേക്ക് എത്തിക്കുവാനുള്ള ഗ്രാമ പഞ്ചായത്തിൻ്റെ പദ്ധതിയാണ് വി-ഫോക്കസ്.
സമൂഹോന്നമനം വിദ്യാഭ്യാസത്തിലൂടെ എന്ന ആശയത്തിലൂന്നി ഗ്രാമ പ്രദേശങ്ങളിലെ വിദ്യാർഥികളെ സിവിൽ സർവ്വീസ് പോലുള്ള ഉന്നത മേഖലയിലെത്തിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. മത്സര പരീക്ഷാ പരിശീലനത്തിന് പുറമേ,മോക്ക് ടെസ്റ്റ്, മോട്ടിവേഷണൽ സെഷനുകൾ, പഠനത്തിന് എ ഐ സംവിധാനങ്ങൾ ഉപയോഗിക്കാനുള്ള പരിശീലനം, ഉന്നത വിജയം നേടിയവരുമായുള്ള ആശയ വിനിമയ സെഷനുകൾ എന്നിവ ഇതിൻ്റെ ഭാഗമായി വിദ്യാർഥികൾക്ക് ലഭിക്കുന്നു. വാർഡ് മെമ്പർമാർ മുഖേന വാർഡ് തലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് സൗജന്യമായാണ് ഇത് നല്കുന്നത്.
CUET, IPMAT, NCET മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന പ്ലസ് ടു വിദ്യാർഥികൾക്കാണ് ഇതിൽ പങ്കെടുക്കാൻ അവസരം. എടപ്പാൾ കേന്ദ്രമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ പാത ഫാണ്ടേഷൻ്റെ സഹകരണത്തോടു കൂടിയാണ് ഇതിൻ്റെ പരിശീലനം നല്കുന്നത്. പദ്ധതിയിൽ തല്പരരായ കൂടുതൽ വിദ്യാർഥികൾക്ക് അടുത്ത ആഴ്ച രണ്ടാം ഘട്ട സ്ക്രീനിംഗ് ടെസ്റ്റ് നടത്തും. എടപ്പാൾ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സ്ക്രീനിംഗ് ടെസ്റ്റിന് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷാജിമോൾ പാലത്തിങ്ങൽ, വൈസ് പ്രസിഡണ്ട് എം എ നജീബ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ സുബിത, ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കഴുങ്കിൽ മജീദ്, ആസൂത്രണ സമിതി വൈസ് ചെയർമാൻ ടി പി ഹൈദരലി, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ആർ രാജേഷ്, പാത ഫൗണ്ടേഷൻ സെക്രട്ടറി എം വി ജലീൽ മാസ്റ്റർ എന്നിവർ നേതൃത്വം നല്കി.