വരൂ,അതിഥി മന്ദിരങ്ങളിൽ താമസിക്കാം
മലപ്പുറം: പൊതുമരാമത്തു വകുപ്പിനു കീഴിലുള്ള അതിഥി മന്ദിരങ്ങളിൽ പൊതു ജനങ്ങൾക്കു ഓൺലൈൻ വഴി മുറി ബുക്കു ചെയ്യാവുന്ന സൗകര്യം വന്നതോടെ ജില്ലയിൽ ലഭ്യമാകുക അറുപതിലേറെ മുറികൾ. മന്ത്രിമാരുൾപ്പെടെ ഉപയോഗിക്കുന്ന വിഐപി മുറികളും പൊതുമരാമത്തു വകുപ്പ് ഉദ്യോഗസ്ഥർക്കു താമസിക്കാനുള്ള മുറികളും ഒഴിച്ചുള്ളവയാണു പൊതുജനങ്ങൾക്കു നൽകുക. ഓൺലൈൻ വഴി ബുക്കു ചെയ്യാം. ഡബിൾ എസി മുറികൾക്കു 750 രൂപയും നോൺ എസി ഡബിൾ മുറികൾക്കു 400 രൂപയുമാണു ദിവസ വാടക. തുടർച്ചയായി 5 ദിവസത്തിൽ കൂടുതൽ ബുക്കു ചെയ്യാനാകില്ല.
18 സർക്കാർ അതിഥി മന്ദിരങ്ങളിലായാണു ജില്ലയിൽ അറുപതിലേറെ മുറികൾ പൊതുജനത്തിനു ലഭ്യമായിട്ടുള്ളത്. ഇതിൽ ചിലത് അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ ഉടൻ ലഭ്യമാകില്ല. പൊന്നാനി അതിഥി മന്ദിരത്തിൽ പുനരുദ്ധാരണ പ്രവൃത്തി നടക്കുകയാണ്. നിലവിലെ കണക്കുപ്രകാരം ജില്ലയിൽ ഏറ്റവും കൂടുതൽ മുറികളുള്ളത് നിലമ്പൂർ അതിഥി മന്ദിരത്തിലാണ് (9). മലപ്പുറം (5), അങ്ങാടിപ്പുറം (6), തിരൂർ (6), കൊണ്ടോട്ടി (6), പരപ്പനങ്ങാടി (5), മഞ്ചേരി (4), കുറ്റിപ്പുറം (3), വണ്ടൂർ, കാളികാവ് പാണ്ടിക്കാട്, തിരൂരങ്ങാടി, വളയംകുളം, അരീക്കോട്, എടവണ്ണ, കോട്ടയ്ക്കൽ (2 വീതം), താനൂർ (1) എന്നിങ്ങനെയാണു മറ്റിടങ്ങളിൽ പൊതു ജനങ്ങൾക്കു ലഭ്യമായ മുറികളുടെ എണ്ണം