കാഞ്ഞിയൂർ – തെങ്ങിൽ റോഡിലെ അപകടാവസ്ഥയിലുള്ള പാലം പൊളിച്ചു പണിയും
ചങ്ങരംകുളം:പ്രതിഷേധവും മാധ്യമ വാർത്തയും ഫലം കണ്ടതോടെ അപകടാവസ്ഥയിലുള്ള കാഞ്ഞിയൂർ – തെങ്ങിൽ റോഡിലെ പാലം പുതുക്കി പണിയാൻ തീരുമാനം.ജില്ലാ പഞ്ചായത്ത് മെമ്പർ അഷ്ഹർ പെരുമുക്കിന്റെ നേതൃത്വത്തിൽ പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയറുടെയും മറ്റ് ജനപ്രതിനിധികളുടെയും സംഘം അപകടാവസ്ഥയിലുള്ള പാലം സന്ദർശിച്ചു. റോഡിന്റെ നിർമ്മാണത്തിനൊപ്പം പാലം പൊളിച്ചു പണിയാനാണ് തീരുമാനം.
50 വർഷത്തോളം പഴക്കമുള്ള കാഞ്ഞിയൂർ – തെങ്ങിൽ റോഡിലെ പാലം അപകട ഭീഷണിയിലാണെന്നും പൊളിച്ചു പണിയണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധം ഉയർത്തുകയും ചെയ്തിരുന്നു.ചങ്ങരംകുളം – എരമംഗലം റോഡിനെയും ചങ്ങരംകുളം – ചെറവല്ലൂർ റോഡിനെയും ചങ്ങരംകുളം – എടപ്പാൾ റോഡിനെയും ബന്ധിപ്പിക്കുന്ന പ്രധാന ബൈപ്പാസ് റോഡിൽ നൂറ് കണക്കിന് വാഹനങ്ങളാണ് ദിനംപ്രതി യാത്ര ചെയ്യുന്നത്. റോഡിന്റെ ഇരുവശങ്ങളിലുമുള്ള കൃഷിയിടങ്ങളിലേക്ക് ട്രാക്ടർ, കൊയ്ത്ത് മെതിയന്ത്രങ്ങൾ അടക്കമുള്ളവ ഇറക്കുന്നത് പാലത്തിന് സമീപത്ത് കൂടിയാണ്.
പാലത്തിന്റെ താഴെ ഭാഗം കോൺക്രീറ്റ് ദ്രവിച്ച് കമ്പികൾ പുറത്ത് കാണുന്ന അവസ്ഥയിലാണെന്നും നാട്ടുകാർ ആരോപിച്ചു.റോഡിന്റെ ശോചനീയാവസ്ഥയെ തുടർന്ന് റോഡ് പുനർനിർമ്മാണ പ്രവൃത്തികൾക്ക് ഫണ്ട് അനുവദിച്ച് പ്രവൃത്തികൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. റോഡിന്റെ നിർമ്മാണ പ്രവൃത്തിക്കൊപ്പം പാലവും വീതി കൂട്ടി പൊളിച്ചു നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ആവശ്യം പരിഗണിച്ച് റോഡ് നിർമ്മാണത്തോടൊപ്പം പാലം പുതുക്കി പണിയുന്നതിനുള്ള നടപടിക്രമങ്ങൾ നടത്തിയതായി അധികൃതർ അറിയിച്ചു.