ജില്ലാ ഖുർആൻ സമ്മേളന രജിസ്ട്രേഷന് തുടക്കമായി
തിരൂർ: വിസ്ഡം യൂത്ത് മലപ്പുറം സൗത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘ഖുർആൻ തണലിൽ സകുടുംബം’ എന്ന പ്രമേയത്തിൽ 2026 ഡിസംബർ 27 ഞായറാഴ്ച കൂറ്റനാട് വെച്ച് സംഘടിപ്പിക്കുന്ന ജില്ലാ ഖുർആൻ സമ്മേളനത്തിന്റെ രജിസ്ട്രേഷന് തുടക്കമായി. ബുധനാഴ്ച തിരൂരിൽ നടന്ന ജില്ലാ പ്രചരണോദ്ഘാടന ചടങ്ങിൽ വിസ്ഡം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും ജില്ലാ ട്രഷററുമായ പരീത് നാലകത്ത് സമ്മേളനത്തിന്റെ രജിസ്ട്രേഷൻ ഉദ്ഘാടനം നിർവഹിച്ചു.
വിസ്ഡം മണ്ഡലം പ്രസിഡന്റ് ബഷീർ കള്ളിക്കൽ അധ്യക്ഷത വഹിച്ചു. വിസ്ഡം യൂത്ത് മണ്ഡലം സെക്രട്ടറി എം. ഇസ്ഹാഖ്, വിസ്ഡം ജില്ലാ ജോയിന്റ് സെക്രട്ടറി റസാഖ് മേലയിൽ, വിസ്ഡം സ്റ്റുഡന്റ്സ് ജില്ലാ വൈസ് പ്രസിഡന്റ് ആദിൽ നഈം, വിസ്ഡം യൂത്ത് ജില്ലാ വൈസ് പ്രസിഡന്റ് കബീർ സി, വിസ്ഡം യൂത്ത് മണ്ഡലം ട്രഷറർ നാസർ പൂനേരി എന്നിവർ സംസാരിച്ചു.
ഡിസംബർ 27ന് വൈകീട്ട് 4.30 മുതൽ രാത്രി 10 മണി വരെ കൂറ്റനാടാണ് ജില്ലാ ഖുർആൻ സമ്മേളനം നടക്കുന്നത്. സമ്മേളനത്തിൽ കുടുംബസമേതം പങ്കാളികളാകാൻ എല്ലാവരും രെജിസ്ട്രേഷൻ പൂർത്തിയാക്കണമെന്ന് സംഘാടക സമിതി അഭ്യർഥിച്ചു.