യുവജനങ്ങൾക്ക് സംരംഭകത്വ വഴികാട്ടിയായി സെമിനാർ; അസ്സബാഹ് കോളേജിൽ പരിപാടി സംഘടിപ്പിച്ചു
ചങ്ങരംകുളം :- വിദ്യാർത്ഥികളിൽ സംരംഭകത്വ മനോഭാവം വളർത്തുന്നതിനും സ്വയംതൊഴിൽ സംരംഭങ്ങളിലേക്ക് യുവജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ സംരംഭകത്വ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു.
കോളേജിലെ സംരംഭകത്വ വികസന ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഇൻസ്റ്റിറ്റ്യൂഷൻസ് ഇന്നൊവേഷൻ കൗൺസിലിന്റെയും ഐ.ക്യു.എ.സി.യുടെയും സഹകരണത്തോടെ “സംരംഭകത്വ ബോധവത്കരണവും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ പങ്കും” എന്ന വിഷയത്തിലാണ് സെമിനാർ ഒരുക്കിയത്.കോളേജ് സെമിനാർ ഹാളിൽ നടന്ന പരിപാടി പ്രിൻസിപ്പൽ പ്രൊഫ. മുഹമ്മദ് കോയ എം.എൻ. ഉദ്ഘാടനം ചെയ്തു. പെരുമ്പടപ്പ് ബ്ലോക്ക് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് ഓഫീസർ ദിലീപ് കുമാർ കെ. മുഖ്യപ്രഭാഷണം നടത്തി.
സംരംഭകത്വത്തിന്റെ പ്രാധാന്യം, പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള സാധ്യതകൾ, സംരംഭകർക്ക് ജില്ലാ വ്യവസായ കേന്ദ്രം നൽകുന്ന വിവിധ സേവനങ്ങളും സാമ്പത്തിക സഹായങ്ങളും, സർക്കാർ പദ്ധതികൾ എന്നിവയെക്കുറിച്ച് അദ്ദേഹം വിദ്യാർത്ഥികൾക്ക് വിശദമായി ക്ലാസ്സെടുത്തു.പുതിയ ബിസിനസ്സ് ആശയങ്ങൾ യാഥാർത്ഥ്യമാക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനപ്രദവും പ്രചോദനാത്മകവുമായിരുന്നു സെമിനാർ. അധ്യാപകരും വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുത്തു.