BREAKING NEWSLATEST NEWS

സംസ്ഥാനത്ത് പ്രായപൂർത്തിയാകാതെ വാഹനമോടിച്ചവരിൽ പകുതിയോളവും മലപ്പുറത്ത്; ഒരാഴ്ചക്കിടെ പിടിയിലായത് 220 പേർ; കർശന നടപടിയുമായി പൊലീസ്..!

സംസ്ഥാനത്ത് പ്രായപൂർത്തിയാകാതെ വാഹനമോടിച്ചതിന് പിടിക്കപ്പെട്ട കുട്ടികളിൽ പകുതിയോളം പേരും മലപ്പുറം ജില്ലയിൽ നിന്നാണെന്ന് ഔദ്യോഗിക പൊലീസ് കണക്കുകൾ വ്യക്തമാക്കുന്നു. നവംബർ 2 മുതൽ 8 വരെ സംസ്ഥാനത്തെ 20 പൊലീസ് ജില്ലകളിലായി നടത്തിയ പ്രത്യേക പരിശോധനയിലാണ് ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവന്നത്.​

ഈ കാലയളവിൽ സംസ്ഥാനത്ത് ആകെ 99,181 വാഹനങ്ങളാണ് പൊലീസ് പരിശോധിച്ചത്. ഇതിൽ പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ചതുമായി ബന്ധപ്പെട്ട് ആകെ 453 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതിൽ 220 കേസുകളും റിപ്പോർട്ട് ചെയ്തത് മലപ്പുറം ജില്ലയിൽ നിന്നാണ് എന്നത് ഗൗരവമേറിയ വിഷയമാണ്.

കൊല്ലം (59 കേസുകൾ), കണ്ണൂർ നഗരം (48 കേസുകൾ) എന്നീ ജില്ലകളാണ് തൊട്ടുപിന്നിലുള്ളത്. ഏറ്റവും കൂടുതൽ വാഹന പരിശോധന നടന്നത് കൊച്ചി നഗരത്തിലാണെങ്കിലും (10,961 വാഹനങ്ങൾ), അവിടെ 3 കേസുകൾ മാത്രമാണ് രേഖപ്പെടുത്തിയത്.​ കൊച്ചി ചേരാനല്ലൂരിൽ 17-കാരൻ ഓടിച്ച ആഡംബര കാറിടിച്ച് 55-കാരൻ മരിച്ച ദാരുണ സംഭവത്തിന് പിന്നാലെയാണ് സംസ്ഥാനവ്യാപകമായി പൊലീസ് പരിശോധന കർശനമാക്കിയത്.

പ്രായപൂർത്തിയാകാത്തവരെ വാഹനം ഓടിക്കാൻ അനുവദിക്കുന്ന രക്ഷിതാക്കൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി മുന്നറിയിപ്പ് നൽകി.ഇത്തരം നിയമലംഘനങ്ങളിൽ പിടിയിലാകുന്ന കുട്ടികൾക്ക് ഭാവിയിൽ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിന് കനത്ത കാലതാമസം നേരിടുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരുമെന്നും പൊലീസ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button