BREAKING NEWSLATEST NEWS

അടുത്ത അധ്യയനവർഷം മുതൽ സംസ്ഥാനത്ത് വാണിജ്യ ശാസ്ത്രമേളയും; പ്രഖ്യാപനം മണ്ണാർക്കാട്ട്

മണ്ണാർക്കാട്: വിദ്യാർഥികളിൽ വാണിജ്യ അവബോധവും സംരംഭകത്വ താൽപര്യവും വളർത്തുന്നതിനായി അടുത്ത അധ്യയനവർഷം മുതൽ സംസ്ഥാനത്ത് വാണിജ്യ ശാസ്ത്രമേള കൂടി സംഘടിപ്പിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ.

മണ്ണാർക്കാട് നെല്ലിപ്പുഴ ദാറുനജാത്ത് ഹയർ സെക്കൻഡറി സ്കൂളിൽ സംസ്ഥാന ശാസ്ത്രമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കോമേഴ്സ് മേഖലയ്ക്ക് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ട് ഉൽപാദനവും വിപണനവും ലക്ഷ്യമിട്ടായിരിക്കും വാണിജ്യ ശാസ്ത്രമേള സംഘടിപ്പിക്കുക. പൊതുവിദ്യാഭ്യാസ മേഖലയിൽ നൂതന ആശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഹയർ സെക്കൻഡറി സ്കൂളുകളിൽ നൈപുണ്യ വികസന കേന്ദ്രങ്ങളും ഇന്നൊവേഷൻ കോർണറുകളും ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.എൽ.പി, യു.പി സ്കൂളുകളിൽ ഇതിനകം 6,000 ഡിജിറ്റൽ കോർണറുകൾ ഒരുക്കിയിട്ടുണ്ട്. നൂറുദിന കർമപദ്ധതിയുടെ ഭാഗമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ് തുടങ്ങിയ സാങ്കേതിക മേഖലകൾക്ക് പ്രാധാന്യം നൽകുന്ന ‘എറൈസ്’ (ARISE) പദ്ധതിയും നടപ്പിലാക്കിയിട്ടുണ്ട്.

പാഠപുസ്തകങ്ങളിലെ അറിവുകൾക്കപ്പുറം പ്രായോഗിക പരിജ്ഞാനവും സാങ്കേതിക മികവും വളർത്തുകയാണ് ശാസ്ത്രമേളകളുടെ ലക്ഷ്യം. ശാസ്ത്രമെന്ന ആശയം പ്രവൃത്തിപരിചയത്തിലേക്ക് മാറണം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ്, നാനോ സയൻസ് തുടങ്ങിയ മേഖലകളിൽ ലോകം വലിയ മുന്നേറ്റം നടത്തിക്കഴിഞ്ഞു. തൊഴിൽ നേടുക എന്നതിലുപരി തൊഴിൽ ചെയ്യാനും പുതിയ അവസരങ്ങൾ സൃഷ്ടിക്കാനുമുള്ള കഴിവാണ് വിദ്യാർഥികൾ ആർജിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.ശാസ്ത്രമേളയിലെ വിജയികൾക്ക് ഒന്നാം സമ്മാനമായി 2,000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 1,600 രൂപയും മൂന്നാം സ്ഥാനക്കാർക്ക് 1,200 രൂപയും നൽകും. വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകൾ റവന്യൂ ജില്ലാ സെക്രട്ടറിമാർ വിതരണം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.വി.കെ. ശ്രീകണ്ഠൻ എം.പി. അധ്യക്ഷനായി. വി.ടി. ബൽറാം എം.എൽ.എ. സ്വാഗതം പറഞ്ഞു.

പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ അരുണ്‍ കെ. വിജയൻ ഐ.എ.എസ്. പതാക ഉയർത്തി. നജീബ് കാന്തപുരം എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തി.മണ്ണാർക്കാട് നഗരസഭാ ചെയർപേഴ്‌സൺ കെ. സജ്ന, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നീതു എം. ശങ്കർ, കുമരംപുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സ്മിത, നഗരസഭാ വൈസ് ചെയർമാൻ കെ. ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.*🔸സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവത്തിന്; മലപ്പുറം മുന്നിൽ* സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവത്തിന്റെ ആദ്യദിനം 11 ഇനങ്ങൾ പൂർത്തിയായപ്പോൾ 79 പോയിന്റുമായി മലപ്പുറം ജില്ലയാണ് മുന്നിൽ. 67 പോയിന്റുമായി പാലക്കാട് രണ്ടാമതും 61 പോയിന്റുമായി കാസർകോട് മൂന്നാമതുമാണ്. ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹികശാസ്ത്ര, പ്രവൃത്തിപരിചയ, ഐ.ടി. മേളകളിലായി ആകെ 161 ഇനങ്ങളിലാണ് മത്സരം. പ്രവൃത്തിപരിചയ മേള, സ്റ്റിൽ,വർക്കിങ് മോഡലുകളുടെ പ്രദർശനം, ഐ.ടി മേള എന്നിവ വരുംദിവസങ്ങളിൽ അരങ്ങേറും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button