BREAKING NEWSLATEST NEWSLocal newsPONNANIPUBLIC INFORMATIONSocialUPDATES

പൊന്നാനിയിലെ സ്‌കൂളുകള്‍ ഇനി നിര്‍മിത ബുദ്ധിക്കൊപ്പം

പൊന്നാനി നിയോജക മണ്ഡലത്തിലെ മുഴുവന്‍ സ്‌കൂളുകളും ആര്‍ടിഫിഷ്യല്‍ ഇന്റലിജെന്‍സിനൊപ്പമാകാന്‍ പദ്ധതി തയ്യാറാകുന്നു.മണ്ഡലത്തിലെ മുഴുവന്‍ സര്‍ക്കാര്‍, എയിഡഡ്‌ സ്‌കൂളുകളിലും എ ഐ ലാബുകള്‍ സ്‌ഥാപിക്കാന്‍ പ്രത്യേക പദ്ധതിക്ക്‌ രൂപം നല്‍കിയതായി കെ.പി. നൗഷാദ്‌ അലി എം.എല്‍.എ. പറഞ്ഞു. പത്ത്‌ മുതല്‍ 20 ലക്ഷം രൂപ വരെ ചിലവഴിച്ചാണ്‌ ലാബുകള്‍ സ്‌ഥാപിക്കുക.

ആദ്യ ഘട്ടത്തില്‍ സര്‍ക്കാര്‍ സ്‌കൂളുകളിലാണ്‌ പദ്ധതി നടപ്പാക്കുക. എ ഐ സംവിധാനത്തിലെ മുഴുവന്‍ ടൂളുകളും പരിചയപ്പെടുത്തുന്ന തരത്തിലാണ്‌ ലാബ്‌ സജീകരിക്കുക. പാഠ്യപദ്ധതിക്ക്‌ പുറമെ പ്രത്യേക സിലബസ്‌ ഇതിനായി തയ്യാറാക്കും. ആദ്യം സ്‌കൂളിലെ അധ്യാപകര്‍ക്ക്‌ എഐ സാധ്യതകള്‍ പഠിപ്പിക്കും. അധ്യാപകര്‍ എഐ ഉപയോഗിച്ച്‌ പഠിപ്പിക്കാവുന്ന പാഠഭാഗങ്ങള്‍ കണ്ടെത്തും. തുടര്‍ന്ന്‌ ഇത്‌ വിദ്യാര്‍ഥികളിലെത്തിക്കും. ഏഴാം ക്ലാസ്‌ കഴിയുമ്പോഴേക്ക്‌ എഐ സാധ്യതകള്‍ വിദ്യാര്‍ഥികള്‍ മനസ്സിലാക്കുമെന്നാണു കരുതുന്നത്‌.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്‌, റോബോട്ടിക്‌സ് എന്നിവ ക്ലാസ്‌ മുറി പഠനത്തിന്റെ ഭാഗമാക്കുന്നതിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക്‌ ആധുനിക സാങ്കേതികവിദ്യകളില്‍ പ്രായോഗിക പരിശീലനം ലഭിക്കും.കൂടാതെ മുഴുവന്‍ സ്‌കൂളുകളിലും കുട്ടികളുടെ അഭിരുചികള്‍ പരിശോധിക്കുന്നതിനായി പദ്ധതി നടപ്പാക്കും. വ്യത്യസ്‌തങ്ങളായ അഭിരുചിയുള്ളവരെ കണ്ടെത്തി അവരില്‍ തൊഴില്‍ നൈപുണ്യം വളര്‍ത്തുന്ന തരത്തിലുള്ള ഇടപെടലാണ്‌ ലക്ഷ്യമിടുന്നത്‌. ഒരേ അഭിരുചിയുള്ളവരെ കണ്ടെത്തി ഗ്രൂപ്പുകളാക്കുകയും അവര്‍ക്കായി പരിശീലനം നല്‍കുകയും ചെയ്യും.

മികവ്‌ തെളിയിച്ചവര്‍ക്കായി തൊഴില്‍ പദ്ധതികള്‍ ആവിഷ്‌ക്കരിക്കും. ക്ലാസ്‌ മുറിയില്‍ ഒരു കുട്ടിയും മോശക്കാരനല്ല എന്ന്‌ ബോധ്യപ്പെടുത്തലാണ്‌ പദ്ധതികൊണ്ട്‌ ലക്ഷ്യമിടുന്നത്‌.ഏതെങ്കിലും തരത്തിലുള്ള കഴിവുകള്‍ ഉള്ളവരാണ്‌ എല്ലാ കുട്ടികളും. അത്‌ മനസ്സിലാക്കി കുട്ടികളെ സ്‌കൂളില്‍ നിന്നു തന്നെ തൊഴില്‍ തല്‍പ്പരരാക്കുക എന്നതാണ്‌ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നതെന്ന്‌ എം.എല്‍.എ. പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button