ജനസാഗരമായി സമസ്‌ത കേരളാ ജംഇയ്യത്തുൽ ഉലമാ നൂറാം വാർഷിക അന്താരാഷ്ട്ര മഹാസമ്മേളനം
കാസർകോഡ് : വരക്കൽ മുല്ലക്കോയ തങ്ങൾ നഗർ(കുണിയ):
ദേശീയ,അന്തർദേശീയതലത്തിലേക്ക് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിനുള്ള പ്രഖ്യാപനവുമായി സമസ്‌ത കേരളാ ജംഇയ്യത്തുൽ ഉലമാ നൂറാം വാർഷിക അന്താരാഷ്ട്ര മഹാസമ്മേളനം സമാപ്തിയിലേക്ക്.
കുണിയ വരക്കൽ മുല്ലക്കോയ തങ്ങൾ നഗറിൽ ഇന്ന് വൈകീട്ടോടെ ഒഴുകിയെത്തിയ പുരുഷാരം സമസ്‌തയുടെ സംഘബോധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
സാമൂഹിക സംസ്കരണത്തിന് വേണ്ടി 10313 നാസ്വിഹുമാരെ സമർപ്പിച്ച സമ്മേളനം ദേശീയ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സെന്റിനറി എഡ്യുസിറ്റി, തമിഴ്‌നാട് വിദ്യാഭ്യാസ പദ്ധതി എന്നീ വൈജ്ഞാനിക മുന്നേറ്റത്തിന്റെ പ്രഖ്യാപനം കൂടിയായി.
സമസ്‌തയുടെ ആശയാദർശം ഉൾക്കൊള്ളുന്ന സുന്നീ സംഘടനകൾ സമസ്‌തയിലേക്ക് തിരിച്ചുവരണമെന്നും സമുദായത്തിന്റെ കെട്ടുറപ്പും ഭദ്രതയും കാത്തൂസൂക്ഷിക്കുകയും ഐക്യത്തോടെ മുന്നോട്ടുപോവണമെന്നും ആഹ്വാനം ചെയ്തു.ഇന്ന് വൈകീട്ട് നാലിന് ഭക്തിസാന്ദ്രമായ പ്രാർഥനാ സദസോടെയാണ് അന്താരാഷ്ട്ര മഹാസമ്മേളനത്തിന് തുടക്കമായത്.
സമാപന പൊതുസമ്മേളനം ഈജിപ്തിലെ അൽ അസ്ഹർ ഇസ്ലാമിക് സർവ്വകലാശാല റെക്ടർ ഡോ. സലാമ അലി ദാവൂദ് ഉദ്‌ഘാടനം ചെയ്തു. സമസ്ത പ്രസിഡന്റ് സയ്യിദ്മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ മുഖ്യപ്രഭാഷണം നടത്തി. സമസ്ത ശതാബ്ദി അവാർഡ് ലുലു ഇന്റർനാഷണൽ ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിക്ക് സമ്മാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, കർണ്ണാടക ഉപ മുഖ്യമന്ത്രി ഡി.കെ ശിവകുമാർ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, പി.കെ കുഞ്ഞാലിക്കുട്ടി, സമസ്ത വൈസ് പ്രസിഡന്റ് എം.പി കുഞ്ഞിമുഹമ്മദ് മുസ്ല്യാർ , ട്രഷറർ പി.പി ഉമ്മർ മുസ്ല്യാർ കൊയ്യോട്, കോട്ടുമല മൊയ്തീൻകുട്ടി മുസ്ല്യാർ, പ്രവാസി വ്യവസായി പി. മുഹമ്മദലി ഗൾഫാർ, എൻ.എ ഹാരിസ് , എം.എം ഹസ്സൻ, മണിശങ്കർ അയ്യർ, സൈനുൽ ആബിദീൻ, ഹമീദലി ശിഹാബ് തങ്ങൾ, അബ്ബാസലി ശിഹാബ് തങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.