കക്കിടിപ്പുറം കെ.വി. യു.പി. സ്കൂളിൽ ലഹരിവിരുദ്ധ ക്ലാസും സൈക്കിൾ റാലിയും നടത്തി
ചങ്ങരംകുളം: വിദ്യാർത്ഥികൾക്കിടയിൽ ലഹരി ഉപയോഗത്തിനെതിരെ അവബോധം സൃഷ്ടിക്കുന്നതിനായി കക്കിടിപ്പുറം കെ.വി. യു.പി. സ്കൂളിൽ ലഹരിവിരുദ്ധ ക്ലാസും സൈക്കിൾ റാലിയും സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി കുട്ടികളുടെ ലഹരി വിരുദ്ധ പോസ്റ്റർ നിർമ്മാണവും നടന്നു.
സ്കൂൾ ഹെഡ്മിസ്ട്രസ് പി. ജി. ബിന്ദുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ച് പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ചങ്ങരംകുളം സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് നസിയ എം. സാഹിബ് നിർവ്വഹിച്ചു. വിദ്യാർത്ഥികൾ ലഹരി വിപത്തിനെതിരെ എപ്രകാരം ജാഗ്രത പുലർത്തണമെന്നും, ആരോഗ്യകരമായ ഒരു ജീവിതശൈലി എങ്ങനെ കെട്ടിപ്പടുക്കണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ അവർ ഓർമ്മിപ്പിച്ചു.
ലഹരിക്കെതിരെയുള്ള സന്ദേശങ്ങൾ ചിത്രങ്ങളിലൂടെയും വാചകങ്ങളിലൂടെയും മനോഹരമായി ആവിഷ്കരിച്ചുകൊണ്ട് കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ ഏറെ ശ്രദ്ധേയമായി.
തുടർന്ന് വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെ ലഹരിവിരുദ്ധ സന്ദേശങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള സൈക്കിൾ റാലിയും നടന്നു. ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി സബിത നന്ദി രേഖപ്പെടുത്തി. സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു.