കാഴ്ചപരിമിതരുടെ സംസ്ഥാന ചെസ് ചാംപ്യൻഷിപ്പിനു തുടക്കം
പുളിക്കൽ : അവരുടെ മുൻപിലെ ചെസ് ബോർഡിലെ ചതുരങ്ങൾക്കും പടയാളികൾക്കും ഒരേ നിറമായിരുന്നു–കറുപ്പ്. എങ്കിലും മനസ്സിൽ പതിപ്പിച്ച യുദ്ധഭൂമിയിൽ കളങ്ങളെയും പോരാളികളെയും ‘തൊട്ടറിഞ്ഞ്’ അവർ പട നയിച്ചപ്പോൾ, ആ മനക്കരുത്തിനു മുൻപിൽ കണ്ണുള്ള കാഴ്ചക്കാർപോലും അമ്പരന്നു. കാഴ്ചപരിമിതരുടെ സംസ്ഥാന ചെസ് ചാംപ്യൻഷിപ്പിൽ, ചടുലനീക്കങ്ങൾക്കൊണ്ടും തന്ത്രങ്ങൾകൊണ്ടും ഓരോ മത്സരാർഥിയും അവസാനംവരെ പൊരുതി.കേരള ചെസ് അസോസിയേഷൻ ഫോർ ദ് ബ്ലൈൻഡും എബിലിറ്റി ഫൗണ്ടേഷൻ ഫോർ ദ് ഡിസേബിൾഡും ചേർന്നു സംഘടിപ്പിച്ച കാഴ്ചപരിമിതർക്കുള്ള സംസ്ഥാനതല ചെസ് മത്സരത്തിന് ഇന്നലെ പുളിക്കൽ എബിലിറ്റി ക്യാംപസിൽ തുടക്കമായി. വിവിധ ജില്ലകളിൽനിന്നുള്ള വനിതകളടക്കം നൂറോളം കാഴ്ച പരിമിതരാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി.ഷെജിനി ഉണ്ണി ഉദ്ഘാടനം ചെയ്തു.
ചെസ് അസോസിയേഷൻ ഫോർ ദ് ബ്ലൈൻഡ് സംസ്ഥാന പ്രസിഡന്റ് വി.എസ്.ബിനോയ് അധ്യക്ഷത വഹിച്ചു.അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ഇ.പി.നൗഷാദ്, എബിലിറ്റി ഫൗണ്ടേഷൻ ചെയർമാൻ കെ.അഹമ്മദ്കുട്ടി, ജമാൽ പുളിക്കൽ, കബീർ മോങ്ങം, എം.കെ.അബ്ദുറസാഖ്, അബ്ദുൽ ലത്തീഫ് വൈലത്തൂർ, എ.പി.ഇസ്മായിൽ തുടങ്ങിയവർ പ്രസംഗിച്ചു. ഇന്ന് സമാപന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ ഉദ്ഘാടനം ചെയ്യും.