എ.ഐക്ക് നൽകാനാകാത്ത ആർദ്രത മനുഷ്യനിൽ നിറയ്ക്കുന്നത് കലകളെന്ന് മന്ത്രി എ.പി. അനിൽകുമാർ
തിരൂർ: എ.ഐക്ക് നൽകാനാകാത്ത ആർദ്രത മനുഷ്യനിൽ നിറയ്ക്കുന്നത് കലകളാണെന്നും മലയാളത്തിന്റെ ഭാഷയും സംസ്കാരവും കലാരൂപങ്ങളും സംരക്ഷിച്ച് പുതുതലമുറയിലേക്ക് കൈമാറുന്നതിൽ കലോത്സവങ്ങൾ നിർണായക പങ്കുവഹിക്കുന്നതായി റവന്യൂ മന്ത്രി എ.പി. അനിൽകുമാർ പറഞ്ഞു.
എത്രയോ അന്യം നിന്നുപോകുമായിരുന്ന കലാരൂപങ്ങൾ ഇന്നും സജീവമായി നിലനിൽക്കുന്നത് കലോത്സവങ്ങളിലൂടെയാണെന്നും മന്ത്രി പറഞ്ഞു. 37 -ാമത് മലപ്പുറം റവന്യൂ ജില്ല സ്കൂൾ കലോത്സവം ആലത്തിയൂർ കെ.എച്ച്.എം.എച്ച്.എസ്.എസിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കലോത്സവ വേദികളിലൂടെ കടന്നുവന്ന് കേരളത്തിന്റെ സാംസ്കാരിക മണ്ഡലത്തിൽ ശ്രദ്ധേയരായ ഒട്ടേറെ കലാകാരന്മാരും കലാകാരികളും നമുക്കുണ്ട്.
എന്നാൽ പ്രതിഭകളെ കണ്ടെത്തുന്നതിനപ്പുറം മലയാളത്തിന്റെ സാഹിത്യവും കവിതയും കഥയും തനത് കലാരൂപങ്ങളും സംരക്ഷിക്കാനും അവയ്ക്ക് പുതിയ തലമുറയിൽ ഇടം ഉറപ്പിക്കാനും കഴിയുന്നു എന്നതാണ് കലോത്സവങ്ങളുടെ ഏറ്റവും വലിയ സവിശേഷത. ഓരോ തലമുറയും ഏറ്റെടുത്ത് മുന്നോട്ടു കൊണ്ടുപോകുന്നതിലൂടെയാണ് ഇത്തരം കലകൾക്ക് വർഷംതോറും കൂടുതൽ തിളക്കമുണ്ടാകുന്നതെന്നും മന്ത്രി പറഞ്ഞു.
മത്സരവേദികളില്ലെങ്കിൽ കുട്ടികൾ പോലും പങ്കെടുക്കാൻ മുന്നോട്ടുവരാത്തവിധം വിസ്മൃതിയിലാകുമായിരുന്ന നിരവധി കലാരൂപങ്ങളുണ്ട്. ആദിവാസി മേഖലകളിലെ പഴയ പാട്ടുകളും തനത് കലാരൂപങ്ങളും ഇന്ന് കൂടുതൽ ശ്രദ്ധ നേടുന്നതും ഇത്തരം വേദികളിലൂടെയാണ്. കലകളെ സംരക്ഷിക്കുക മാത്രമല്ല, അവയുടെ പൈതൃകം അടുത്ത തലമുറയിലേക്ക് കൈമാറാനുള്ള അവസരം കൂടിയാണ് കലോത്സവങ്ങൾ ഒരുക്കുന്നത്.
അഡ്വ. വി.എസ്. ജോയ് എം.എൽ.എ അധ്യക്ഷത വഹിച്ചു. പി.പി. സുനീർ എം.പി., കുറുക്കോളി മൊയ്തീൻ എം.എൽ.എ. എന്നിവർ മുഖ്യാതിഥികളായി. ഡി.ഡി.ഇ. സക്കീന മലയിൽ, ജില്ല പഞ്ചായത്തംഗങ്ങളായ ഷാഹിന നിയാസി, വെട്ടം ആലിക്കോയ, ആരതി പ്രദീപ്, എൻ.പി. ഷെരീഫാ ബീവി, തിരൂർ നഗരസഭ ചെയർപേഴ്സൺ കീഴേടത്ത് ഇബ്രാഹിം ഹാജി, തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി. ഷബ്ന, തൃപ്രങ്ങോട് പഞ്ചായത്ത് പ്രസിഡൻ്റ് മുജീബ് പൂളക്കൽ, ആലത്തിയൂർ കെ.എച്ച്.എം.എച്ച്.എസ്. സ്കൂൾ മാനേജർ ഡോ. ടി.പി. ഇബ്രാഹിം, പ്രിൻസിപ്പൽ സോണിയ സി. വേലായുധൻ, പ്രഥമാധ്യാപകൻ പി.സി. സിദ്ദീഖുൽ അക്ബർ, പി.ടി.എ. പ്രസിഡൻ്റ് ഐ.പി. ജലീൽ തുടങ്ങിയവർ സംസാരിച്ചു.