പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് നാളെ.
മലപ്പുറം : പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് നാളെ രാവിലെ പ്രസിദ്ധീകരിക്കും. ജില്ലയിൽ 9,882 പേരാണു പ്രാഥമിക വിവരപ്രകാരം രണ്ടാം സപ്ലിമെന്ററി അലോട്മെന്റിന് അപേക്ഷ നൽകിയിട്ടുള്ളത്. ഇത് സംസ്ഥാനത്ത് ആകെയുള്ള അപേക്ഷകരുടെ 40 ശതമാനത്തോളം വരും. ഇതിൽ 9,742 പേർ ഇതുവരെ അപേക്ഷിച്ചിട്ടും സീറ്റ് ലഭിക്കാത്തവരാണ്. രണ്ടാം സപ്ലിമെന്ററി അലോട്മെന്റിനായി ജില്ലയിൽ 1025 ഓളം മെറിറ്റ് സീറ്റുകളാണുള്ളത്. രണ്ടാം സപ്ലിമെന്ററി അലോട്മെന്റിനു ശേഷമുള്ള ഒഴിവുകളുടെ കണക്ക് എടുത്തായിരിക്കും പുതിയ ബാച്ചുകൾ അനുവദിക്കുന്നതു തീരുമാനിക്കുക. താലൂക്ക് തലത്തിലെ കണക്കുകൾ കൂടി പരിഗണിച്ചായിരിക്കും പുതിയ ബാച്ചുകൾ അനുവദിക്കാനും തീരുമാനിക്കുക.രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് പ്രവേശനം പൂർത്തിയാകുന്നതിനു മുൻപേ സമാന്തര പഠനമായ സ്കോൾ കേരള വഴിയുള്ള ഹയർ സെക്കൻഡറിതല ഓപ്പൺ, റഗുലർ, പ്രൈവറ്റ് റജിസ്ട്രേഷൻ, സ്പെഷൽ കാറ്റഗറി (പാർട്ട് 3) വിഭാഗങ്ങളിൽ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഇതിന് നാളെ മുതൽ ഓൺലൈൻ റജിസ്ട്രേഷൻ ആരംഭിക്കും. പിഴ കൂടാതെ ഓഗസ്റ്റ് 14 വരെയും 60രൂപ പിഴയോടെ 23 വരെയും റജിസ്റ്റർ ചെയ്യാം.