എല്‍.ഡി.എഫ്. ആരോപണം പഞ്ചായത്ത് ഭരണ സമിതിയെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗം- യു. ഡി. എഫ്
എടപ്പാള്‍ : വട്ടംകുളം ഗ്രാമപഞ്ചായത്ത് യു.ഡി.എഫ് ഭരണസമിതിക്കെതിരെ എല്‍.ഡി.എഫ്. ആരോപണം ഭരണ സമിതിയെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് യു. ഡി. എഫ്. നേതൃത്വം പത്രസമ്മേളനത്തില്‍ ആരോപിച്ചു.യു.ഡി.എഫ്.അംഗങ്ങള്‍ക്കെതിരെ ഓംബുഡ്സ്മാൻ്റെ പരാമർശം രാഷ്ട്രീയ പ്രേരിത മാണെന്നും അതിനെ നിയമപരമായി നേരിടുമെന്നും നേതൃത്വം അറിയിച്ചു. നാമമാത്ര കർഷകനും ബി.പി.എൽ കുടുംബിനിക്കും കോഴിക്കൂടും തൊഴുത്തും നൽകിയതുമായി ബന്ധപ്പെടുത്തി എൽ .ഡി. എഫ് .നല്‍കിയ പരാതിയും ജില്ലാ ഓംബുഡ്സ്മാൻ അന്വേഷണ റിപ്പോർട്ടും യു. ഡി. എഫ്. ഭരണം അട്ടിമറിക്കാനുള്ള സി പി എം ഗൂഢാലോചനയാണ്. പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിൽ രാഷ്ട്രീയ പ്രേരിതമായി ഉയർന്ന പരാതിയിലെ ഓംബുഡ്സ്മാൻ ഉത്തരവിനെതിരെ അപ്പീൽ നൽകാനും യുഡിഎഫ് തീരുമാനിച്ചതായി നേതാക്കൾ പറഞ്ഞു .വിവാദങ്ങളുടെ പാശ്ചാത്തലത്തില്‍ കഴിഞ്ഞ എല്‍.ഡി.എഫ്.ഭരണസമിതികള്‍ നൽകിയ ആനു കൂല്യങ്ങൾ കൂടി പരിശോധിക്ക് വിധേയമാക്കണമെന്നും മുൻ കാലങ്ങളിൽ എല്‍.ഡി.എഫ്. നടത്തിയ അഴിമതികൾ മൂടി വെക്കാനാണ് ഇത്തരം ആരോപണങ്ങളുയർത്തുന്ന തെന്നും ഈ നീക്കങ്ങളെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും നേതാക്കള്‍ പറഞ്ഞു. കരാർ ജീവനക്കാരുടെയും,സർക്കാർ ജീവനക്കാരുടെയും പേരിൽ മാത്രമേ ഓംബുഡ്സ്മാൻ നടപടി ആവശ്യപ്പെട്ടിട്ടുള്ളത്. ഗുണഭോക്താക്കളിൽ നിന്നും പലിശ സഹിതം തിരിച്ച് പിടിക്കാനും പറഞ്ഞിട്ടുണ്ട്.അതേ സമയം ഈ വിധിക്കെതിരെ അപ്പീൽ നൽകാനും അവസരം കൊടുത്തിട്ടുണ്ട്. മെമ്പർമാർക്കെതിരെ നടപടി വന്നിട്ടില്ല. ചില സൂചനാ പരാമർശം മാത്രമാണു റിപ്പോർട്ടിലുള്ളത്. ആരോപണ വിധേയർ ആരും ഒരു ആനുകൂല്യത്തിനും അപേക്ഷിച്ചിട്ടില്ല. അതെ സമയം എൽ.ഡി.എഫ്. മെമ്പർമാരും പരാതിക്കാരിൽ ചിലരും ഇത്തരം ആനുകൂല്യങ്ങൾ അനർഹമായി കൈപ്പറ്റിയത് യു.ഡി.എഫ്. ഓംബുഡ്സ്മാന് ഇതിനകം പരാതി നൽകിയിട്ടുണ്ടെന്നും നേതാക്കള്‍ പറഞ്ഞു. ടി.പി. ഹൈദ്രാലി, ഇബ്രാഹിം മൂതൂര്‍ , ഭാസ്ക്കരൻ വട്ടംകുളം, പത്തിൽ അഷ്റഫ്, കഴുങ്കിൽ മജീദ്, എം.എ. നജീബ്, ദീപ മണികണ്ഠന്‍, ഇ.പി. ഷൗക്കത്ത്, അബ്ദുള്ള കുട്ടി മാസ്റ്റർ എന്നിവർ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.