CHANGARAMKULAMLocal news

യൂത്ത് കോൺഗ്രസ്സ് കപ്പൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതീക്ഷ പെയിൻ & പാലിയേറ്റീവ് ക്ലിനിക്കിലേക്ക് മരുന്നുകൾ സംഭാവന നൽകി

ചാലിശ്ശേരി : യൂത്ത് കോൺഗ്രസ്സ് കപ്പൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതീക്ഷ പെയിൻ & പാലിയേറ്റീവ് ക്ലിനിക്കിലേക്ക് മരുന്നുകൾ സംഭാവന നൽകി. പ്രതീക്ഷ പെയിൻ & പാലിയേറ്റീവിന്റെ ഐ.പി ക്ലിനിക്കിൽ നടന്ന ചടങ്ങിൽ കപ്പൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിക്കു വേണ്ടി കെ.പി.സി.സി വൈസ് പ്രസിഡന്റും, മുൻ തൃത്താല എം.എൽ.എയുമായ വി.ടി ബൽറാം ക്ലിനിക്കിലേക്ക് ആവശ്യമായ ഒരു മാസത്തെ മരുന്നുകൾ സംഭാവനയായി നൽകി. പ്രതീക്ഷ രക്ഷാധികാരി ഡോക്ടർ വി.സേതുമാധവൻ മരുന്ന് ഏറ്റുവാങ്ങി.
കപ്പൂർ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സുധീഷ് പരപ്പൂരവളപ്പിൽ അധ്യക്ഷത വഹിച്ചു. ചാലിശ്ശേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി വൈസ് പ്രസിഡന്റും, പ്രതീക്ഷ ഭരണസമിതി അംഗവുമായ പ്രദീപ് ചെറുവശ്ശേരി, പ്രതീക്ഷ പ്രസിഡന്റ് എം.പ്രദീപ്, യൂത്ത് കോൺഗ്രസ് കപ്പൂർ മണ്ഡലം കമ്മിറ്റി മെമ്പർമാരായ എം.കെ ഹനീഫ, എസ്.ആർ.ബി ബാബു മെക്കാട്, മുസ്തഫ മാരായംകുന്ന്, യൂത്ത് കോൺഗ്രസ് മാവറ യൂണിറ്റ് പ്രസിഡൻറ് നിഷാർ മാവറ, പ്രതീക്ഷ സാരഥി, മുല്ലൻ എന്നിവർ സന്നിഹിതരായിരുന്നു. ഐ.പി ക്ലിനിക്കിൽ കിടത്തി ചികിത്സാ സൗകര്യവും, ഏകദേശം 700 വീടുകളിൽ ഹോം കെയറും നടത്തിവരുന്ന പ്രതീക്ഷ തൃത്താല നിയോജക മണ്ഡലത്തിലെ 8 പഞ്ചായത്തുകളിലെയും, കിടപ്പുരോഗികൾക്കും അശരണരായവർക്കും വലിയൊരു സാന്ത്വനം തന്നെയാണെന്ന് വി.ടി.ബൽറാം പറഞ്ഞു.
കൂറ്റനാട് മേഖലയിലെ ജനകീയനായ ഡോക്ടറും, പ്രതീക്ഷ പാലിയേറ്റീവ് ക്ലിനിക് തുടങ്ങിയത് മുതൽ തന്നെ പാലിയേറ്റീവ് രംഗത്ത് പ്രതീക്ഷയോടൊപ്പം രാപ്പകലില്ലാതെ ആതുരസേവന രംഗത്ത് സജീവ സാന്നിധ്യവുമായ ഡോക്ടർ വി.സേതുമാധവന്റെ അശീതി ആഘോഷത്തോടനുബന്ധിച്ച് തന്നെ ഈ പുണ്യ പ്രവൃത്തി ചെയ്തതിൽ കപ്പൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയെ ബൽറാം പ്രകീർത്തിച്ചു. തുടർന്നും പ്രതീക്ഷക്ക് മരുന്നുകൾ നൽകാൻ സന്നദ്ധമാണെന്നും, അതിനുള്ള പ്രവർത്തനങ്ങളുമായി കപ്പൂർ മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റി മുന്നോട്ടു പോവുകയാണെന്നും മണ്ഡലം പ്രസിഡന്റ് സുധീഷ് പറപ്പൂരവളപ്പിൽ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button