Local newsMALAPPURAM

വെട്ടിച്ചിറ ടോൾ പ്ലാസ: പ്രശ്‌നങ്ങൾക്ക് അടിയന്തര പരിഹാരമുണ്ടാകണം – സമദാനി

വളാഞ്ചേരി: ദേശീയപാത വെട്ടിച്ചിറ ടോൾ പ്ലാസയുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങൾക്ക് അടിയന്തര പരിഹാരം ഉണ്ടാകണമെന്ന് ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി. ദേശീയപാത അധികൃതരോട് ആവശ്യപ്പെട്ടു. ടോൾ പ്ലാസയിൽ എം.പി. വിളിച്ചുചേർത്ത അധികൃതരുടെ അടിയന്തരയോഗത്തിലാണ് ആവശ്യമുന്നയിച്ചത്.
ടോൾ പ്ലാസയിൽ ജീവനക്കാരും യാത്രക്കാരും തമ്മിൽ ആവർത്തിച്ചുണ്ടാകുന്ന അനിഷ്ടസംഭവങ്ങൾ അവസാനിപ്പിക്കണമെന്നും യാത്രക്കാരോട് നല്ല രീതിയിൽ പെരുമാറാനുള്ള കർശനനിർദ്ദേശവും പരിശീലനവും ജീവനക്കാർക്ക് നൽകാൻ അധികൃതർ സംവിധാനം ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ നടപടികൾ എടുക്കുമെന്ന് യോഗത്തിൽ അധികൃതർ ഉറപ്പു നൽകി. അടിയന്തര പരിഹാരമെന്ന നിലയിൽ അംഗീകൃത ഏജൻസിയെ കൊണ്ട് മാലിന്യം നീക്കം ചെയ്യാൻ ആതവനാട് പഞ്ചായത്തുമായി ചേർന്ന് അധികൃതർ നടപടിയെടുക്കും.
മാലിന്യനിർമാർജ്ജത്തിനായി പ്ലാന്റ് നിർമിക്കുന്നതുസംബന്ധിച്ച് ദേശീയപാത റീജണൽ ഓഫീസറുമായി അദ്ദേഹം ഫോണിൽ സംസാരിച്ചു. പ്രദേശവാസികളായ യാത്രക്കാർക്ക് ടോൾ പ്ലാസയിൽ സൗജന്യ ആനുകൂല്യം നൽകണമെന്ന ആവശ്യവും അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി.
ദേശീയപാതാ അധികൃതർ, ആതവനാട് പഞ്ചായത്ത് പ്രസിഡന്റ്് കെ.ടി. ആസാദ്, മാറാക്കര പഞ്ചായത്ത് പ്രസിഡന്റ്് ഒ.കെ. സുബൈർ, ആതവനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ്് സാജിത, ബ്ലോക്ക് പഞ്ചായത്തംഗം ടി.കെ. അഷ്‌റഫ്, പഞ്ചായത്തംഗങ്ങളായ ബഷീർ, ഹഫ്‌സത്ത്, ഫർസാന, ജാസിർ, ഗഫൂർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button