വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ സ്ഥാനം ഭഗത് സിങ്ങിനൊപ്പം: സ്പീക്കർ
തിരൂരങ്ങാടി ∙ സ്വന്തം നാട്ടിൽ രക്തസാക്ഷിത്വം ചോദിച്ചുവാങ്ങിയ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ സ്ഥാനം ഭഗത് സിങ്ങിന് സമാനമാണെന്ന് സ്പീക്കർ എം.ബി.രാജേഷ്. മലബാർ കലാപത്തിന്റെ 100–ാം വാർഷികത്തോടനുബന്ധിച്ച് സംസ്ഥാന ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന അനുസ്മരണ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മതനിരപേക്ഷത ഉയർത്തിപ്പിടിച്ച നേതാവായിരുന്നു വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി.
അദ്ദേഹമുണ്ടാക്കിയ നാടിന്റെ പേര് മാപ്പിള രാജ്യമെന്നല്ല, മലയാള രാജ്യമെന്നായിരുന്നു. പുതുതലമുറയെ ചരിത്രം വസ്തുനിഷ്ഠമായി പഠിപ്പിക്കുന്നതിന് ചരിത്രവായനകൾ അനിവാര്യമാണ്. ചരിത്രവസ്തുതകൾ ജനങ്ങളിലെത്തിക്കാനുള്ള ലൈബ്രറി കൗൺസിലിന്റെ ശ്രമം അഭിനന്ദനാർഹമാണെന്നും സ്പീക്കർ പറഞ്ഞു. മലബാർ കലാപം ഹിന്ദുവിരുദ്ധ കലാപമായിരുന്നെങ്കിൽ 1925ൽ രൂപീകരിച്ച ആർഎസ്എസിന് ഏറ്റവും വളർച്ചയുള്ള മണ്ണ് ഏറനാടും വള്ളുവനാടുമാകുമായിരുന്നെന്നും എന്നാൽ അങ്ങനെയല്ല സംഭവിച്ചതെന്നും മുഖ്യപ്രഭാഷണം നടത്തിയ കെ.ടി.ജലീൽ എംഎൽഎ പറഞ്ഞു. സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ.കെ.വി.കുഞ്ഞിക്കൃഷ്ണൻ ആധ്യക്ഷ്യം വഹിച്ചു.
പിഎസ്എംഒ കോളജ് ചരിത്രവിഭാഗം മുൻ മേധാവി ഡോ.പി.പി.അബ്ദുൽ റസാഖ്, നഗരസഭാധ്യക്ഷൻ കെ.പി.മുഹമ്മദ് കുട്ടി, ലൈബ്രറി കൗൺസിൽ സംസ്ഥാന സെക്രട്ടറി വി.കെ.മധു, നിർവാഹക സമിതിയംഗങ്ങളായ എൻ.പ്രമോദ് ദാസ്, അജിത് കൊളാടി, ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് എ.ശിവദാസൻ, സെക്രട്ടറി ഡോ.കെ.കെ.ബാലചന്ദ്രൻ, നഗരസഭ കൗൺസിലർ സി.പി.ഹബീബ, പിഎസ്എംഒ കോളജ് മാനേജർ എം.കെ.ബാവ, പ്രിൻസിപ്പൽ ഡോ.കെ.അസീസ്, ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് അരിമ്പ്ര മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.
