PATTAMBI

വാടാനാംകുറുശ്ശി റെയിൽവേ ഗേറ്റ് ഇനി ഓർമ്മ

പട്ടാമ്പി: ഒരുമാസമായി റെയിൽവേ മേൽപ്പാലത്തിലൂടെയുള്ള ഗതാഗതം സുഗമമായതോടെ വാടാനാംകുറുശ്ശിറെയിൽവേ ഗേറ്റ് അടച്ചുപൂട്ടി. ഗേറ്റ് താഴ്ത്തിയിട്ട് ഇരുഭാഗത്തും കോൺക്രീറ്റ് തൂണുകളും കരിങ്കല്ലുകളുംകൊണ്ട് വാഹനങ്ങൾ കടന്നുപോകുന്നതിന് തടസ്സമേർപ്പെടുത്തി. വരുംദിവസങ്ങളിൽ ഗേറ്റ് എടുത്തുമാറ്റി ഇവിടെ ഗ്രിൽ സ്ഥാപിക്കുമെന്ന് റെയിൽവേ അധികൃതർ പറഞ്ഞു.

കേരളത്തിലെ ആദ്യത്തെ റെയിൽപ്പാതകളിലൊന്നാണ് ഈ പാത. 1921-ൽ ബ്രിട്ടീഷ് ഭരണകാലത്താണ് ഈ പാത ആരംഭിച്ചതെന്ന് രേഖകളിൽ പറയുന്നു. നിലമ്പൂരിലെ തേക്ക് കൊണ്ടുപോകാനായാണ് ഈ പാത ആരംഭിച്ചത്. ദക്ഷിണറെയിൽവേയുടെ കീഴിലുള്ള ഷൊർണൂർ-നിലമ്പൂർ തീവണ്ടിപ്പാതയ്‌ക്ക് 66 കിലോമീറ്റർ നീളമാണുള്ളത്. തീവണ്ടിപ്പാത സ്ഥാപിക്കുമ്പോൾത്തന്നെ വാടാനാംകുറുശ്ശി റെയിൽവേ സ്‌റ്റേഷനുമുണ്ടായിരുന്നു. നിലമ്പൂർമുതൽ വാടാനാംകുറുശ്ശിവരെയുള്ള ഭാഗത്തെ യാത്രക്കാർ ഷൊർണൂരിലെത്തി വിവിധ ഭാഗങ്ങളിലേക്ക് ജോലിക്കും മറ്റും പോയിരുന്നത് ഈ റൂട്ടിലോടിയിരുന്ന തീവണ്ടികൾ വഴിയായിരുന്നു. കാലക്രമേണ പാലക്കാട്-ഗുരുവായൂർപാത വിവിധ സംസ്ഥാനപാതകളെ ബന്ധിപ്പിക്കുന്ന റോഡായതോടെ വാഹനത്തിരക്കേറി. വാടാനാംകുറുശ്ശി റെയിൽവേഗേറ്റ് ഈ പാതയിലൂടെ സഞ്ചരിക്കുന്നവരുടെ പ്രധാന തലവേദനയായി മാറുകയും ചെയ്തു. പിന്നീടാണ് വാടാനാംകുറുശ്ശിയിൽ റെയിൽവേ മേൽപ്പാലം സ്ഥാപിക്കണമെന്ന ആവശ്യമുയർന്നത്. സ്ഥലമേറ്റെടുക്കലടക്കം ഒരുപാട് തടസ്സങ്ങൾ പദ്ധതിക്ക് നേരിട്ടെങ്കിലും നിലവിൽ പാലം യാഥാർഥ്യമായി. പാലം തുറക്കുന്നതിനുമുൻപ് ദിവസവും 16 തവണയോളം ഗേറ്റടവുണ്ടായിരുന്നു. പതിറ്റാണ്ടുകളായി പാലക്കാട്-ഗുരുവായൂർ റോഡിലൂടെ കടന്നുപോകുന്ന യാത്രക്കാരുടെ തലവേദനയായിരുന്നു വാടാനാംകുറുശ്ശി ഗേറ്റ്. ആംബുലൻസടക്കം കുടുങ്ങിക്കിടക്കേണ്ടിവന്നു. ഗേറ്റടവിന് മുൻപായി കടന്നുപോകാൻ സ്വകാര്യ ബസുകാരുടെയും യാത്രക്കാരുടെയും ശ്രമങ്ങൾ പതിവുകാഴ്ചയുമായിരുന്നു. പാലംവന്നതോടെ ഈ റൂട്ടിലെ യാത്രക്കാർക്ക് വലിയ ആശ്വാസമായി. ഗേറ്റില്ലാതായത് ഇവിടെയുള്ള കച്ചവടക്കാർക്ക് തിരിച്ചടിയായി. യാത്രക്കാർ ഇതുവഴി വരാതായതോടെ ഇവരുടെ കച്ചവടവും കുറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button