ലഹരി വിരുദ്ധ വാഹന പ്രചരണ ജാഥയുടെ മലപ്പുറം ജില്ലാ തല സ്വീകരണം ഫെബ്രുവരി 16 ന് വളയംകുളത്ത് നടക്കും
ചങ്ങരംകുളം: കേരള മദ്യനിരോധന സമിതി സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം മുതൽ കാസർകോട് വരെ നടത്തുന്ന ലഹരി വിരുദ്ധ വാഹന പ്രചരണ ജാഥയ്ക്ക് ഫെബ്രുവരി 16 ന് മലപ്പുറം ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ സ്വീകരണം നൽകും. പരിപാടിയുടെ ഭാഗമായി നടത്തുന്ന 45 ലഹരി വിരുദ്ധ സദസ്സുകളുടെ മലപ്പുറം ജില്ലാതല ഉദ്ഘാടനം 16 ന് കാലത്ത് 10 മണിക്ക് വളയംകുളം എം.വി.എം.ആർ.എച്ച്.എസ്.എസിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സംസ്ഥാന പ്രസിഡണ്ട് പ്രൊഫ.ടി.എം. രവീന്ദ്രൻ, ജനറൽ സെക്രട്ടറി ഇ.എ ജോസഫ് എന്നിവർ നയിക്കുന്ന യാത്രക്ക് 16 ന് 12 മണിക്ക് തിരൂർ, 2 മണിക്ക് പരപ്പനങ്ങാടി, 4 മണിക്ക് മഞ്ചേരി, 6 മണിക്ക് കൊണ്ടോട്ടി എന്നിവിടങ്ങളിലും സ്വീകരണം നൽകുമെന്നും മദ്യനിരോധന സമിതി മലപ്പുറം ജില്ലാ പ്രസിഡണ്ട് എ.അബ്ദുൾ റഷീദ്, സംസ്ഥാന സമിതി അംഗം അടാട്ട് വാസുദേവൻ, പൊന്നാനി താലൂക്ക് പ്രസിഡണ്ട് കുഞ്ഞുമുഹമ്മദ് പന്താവൂർ, താലൂക്ക് സെക്രട്ടറി ടി.വി മുഹമ്മദ് അബ്ദുറഹിമാൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.