റേസിങ് ബൈക്കുകാരുടെ വിളയാട്ടം വീണ്ടും
ഇരുവിഭാഗം നടുറോഡിൽ ഏറ്റുമുട്ടി
എടപ്പാൾ: ചെറിയ ഇടവേളയായി നിലച്ചിരുന്ന റൈസിങ് ബൈക്കുകളുടെ വിളയാട്ടം മേഖലയിൽ വീണ്ടും സജീവമാകുന്നു. സ്‌കൂൾ സമയങ്ങളിൽ മൂന്നു പേർ വീതം കയറി അതിവേഗത്തിൽ വലിയ ശബ്ദമുള്ള ബൈക്കുകളിൽ കറങ്ങുന്ന സംഘങ്ങളാണ് വീണ്ടും എടപ്പാളിനെ വിറപ്പിക്കുന്നത്. ചൊവ്വാഴ്ച ഇതിലുൾപ്പെട്ട രണ്ടും സംഘങ്ങൾ തമ്മിൽ കുറ്റിപ്പുറം റോഡിൽ വെച്ച് ഏറ്റുമുട്ടിയത് നാട്ടുകാരിടപെട്ടാണ് അവസാനിപ്പിച്ചത്.
എടപ്പാൾ-കുറ്റിപ്പുറം-തൃശൂർ റോഡുകളിലൂടെയാണ് ഇത്തരം ബൈക്കുകൾ എല്ലാ നിയമങ്ങളും ലംഘിച്ച് കുതിച്ചു പായുന്നത്. നേരത്തെ ഇത്തരം ബൈക്കുകൾ തമ്മിൽ മത്സരം നടത്തുന്ന പരിപാടിയുണ്ടായിരുന്നു. ഇതിലുൾപ്പെട്ട ഒരു യുവാവ് റൈസിങ് മത്സരത്തിനിടയിൽ അപകടത്തിൽ മരിച്ചതോടെയാണ് ഇത് നിലച്ചത്. അതാണ് ഇപ്പോൾ വീണ്ടുമാരംഭിച്ചിട്ടുള്ളത്. പെൺകുട്ടികളുടെ ശ്രദ്ധയാകർഷിക്കാൻ സൈലൻസറിൽ കൃത്രിമം നടത്തിയും ഇത്തരത്തിൽ കുതിക്കുന്നവരുണ്ട്.
ചൊവ്വാഴ്ച കുറ്റിപ്പുറം റോഡിലെ ഒരു മാളിനു മുന്നിൽ വെച്ചാണ് ഇരുവിഭാഗം ഏറ്റുമുട്ടിയത്. ഹെൽമറ്റ് കൊണ്ടു പോലും ഇവർ പരസ്പരം അടിക്കുന്നത് കണ്ട് ചുമട്ടു തൊഴിലാളികളും മറ്റുമെത്തിയാണ് കുട്ടികളെ പിടിച്ചു മാറ്റിയത്. ഈ മാൾ കേന്ദ്രീകരിച്ചാണ് ഇവരുടെ ക്യാമ്പെന്ന ആരോപണവുമുണ്ട്. സ്‌കൂൾ വിദ്യാർഥികൾക്ക് ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്താൻ മാളുകൾ കേന്ദ്രങ്ങളാക്കുന്നുണ്ട്. ഇതിനിടയിൽ മയക്കുമരുന്നുകളുടെ വിതരണം വരെ നടക്കുന്നതായാണ് സൂചന. ചൊവ്വാഴ്ച ശൗചാലയത്തിൽ കയറി ഒരാൺകുട്ടിയും പെൺകുട്ടിയും വാതിലടച്ചത് കണ്ട മാൾ ജീവനക്കാർ ഏറെ നേരത്തെ പരിശ്രമത്തിനു ശേഷമാണ് വാതിൽ തുറപ്പിച്ച് പുറത്തെത്തിച്ചത്.
ചൊവ്വാഴ്ച വിവരമറിഞ്ഞ് ചങ്ങരംകുളം പോലീസും ഹോംഗാർഡും സ്ഥലത്തെത്തി നിരീക്ഷണ ക്യാമറാ ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണമാരംഭിച്ചു.