പെരുമ്പിലാവ് തിപ്പിലശ്ശേരി കൽപ്പാത്തിക്കുന്നിൽ ഗ്രാനൈറ്റ്സ് ക്വാറിയുടെ പ്രവർത്തനം തടഞ്ഞു
ചങ്ങരംകുളം:കടവല്ലൂർ പഞ്ചായത്തിലെ തിപ്പലിശ്ശേരി കൽപ്പാത്തിക്കുന്നിൽ പ്രവർത്തിക്കുന്ന ഗ്രാനൈറ്റ്സ് കമ്പനിയുടെ പ്രവർത്തനം അധികൃതർ തടഞ്ഞു.പുറമ്പോക്കിൽ പെടുന്ന സർവേ നമ്പറുകളിൽ നിന്നും പാറ ഖനനമോ അനുബന്ധ പ്രവർത്തനങ്ങളോ നടത്തുന്നത് തടഞ്ഞാണു റവന്യൂ അധികൃതർ ഉത്തരവ് ഇറക്കിയത്. ഇതേ തുടർന്ന് ക്വാറി പ്രവർത്തനം നിർത്തി. 1.10 ഏക്കർ പുറമ്പോക്ക് ഭൂമി കയ്യേറിയാണു ക്വാറി പ്രവർത്തിക്കുന്നത് എന്നു കരിക്കാട് ഗ്രൂപ്പ് വില്ലേജ് ഓഫിസർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.തുടർന്ന് കേരള ഭൂസംരക്ഷണ നിയമ പ്രകാരം ക്വാറിക്കെതിരെ കേസ് റജിസ്റ്റർ ചെയ്യുകയും ചെയ്തു. റിപ്പോർട്ട് പുറത്തു വന്ന് അധികം താമസിയാതെ ഓഫിസറെ സ്ഥലം മാറ്റിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കി. പിന്നീട് നാട്ടുകാർ നടത്തിയ സമരങ്ങളെ തുടർന്ന് ആധുനിക ഉപകരങ്ങൾ ഉപയോഗിച്ച് താലൂക്ക് സർവേയർ സർവേ നടത്തുകയും വില്ലേജ് ഓഫിസറുടെ റിപ്പോർട്ട് ശരിവയ്ക്കുന്ന പുതിയ റിപ്പോർട്ട് നൽകുകയും ചെയ്തു. പുറമ്പോക്ക് കയ്യേറി ഖനനം നടത്തുന്നതിനു പുറമേ ഹരിത ട്രിബ്യൂണലിന്റെ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ക്വാറി
പ്രവർത്തിക്കുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു. പാറ ഖനനം നടത്തുന്നതിന്റെ 200 മീറ്റർ പരിധിയിൽ ഒട്ടേറെ കുടുംബങ്ങൾ താമസിക്കുന്നുണ്ട്. വ്യാജ രേഖകൾ ചമച്ചാണ് ക്വാറിക്കു ലൈസൻസ് നേടിയതെന്നും അനുമതി റദ്ദാക്കണം എന്നും ആവശ്യപ്പെട്ടു കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് നാട്ടുകാർ.
