ദേശീയപാതയിൽ സൂചനാബോർഡില്ല വട്ടംകറങ്ങി യാത്രക്കാർ
കുറ്റിപ്പുറം : ദേശീയപാതയിൽ പൈങ്കണ്ണൂർ യുപി സ്കൂളിനു സമീപത്തു നിന്നും വളാഞ്ചേരിയിലേക്കുള്ളവർ സർവീസ് റോഡിലേക്ക് കയറാൻ മറന്നാൽ പിന്നെ 14 കിലോമീറ്റർ അധികം സഞ്ചരിക്കേണ്ടിവരും.സർവീസ് റോഡിലേക്ക് കയറുന്നിടത്ത് സൂചനാബോർഡില്ലാത്തതാണ് യാത്രക്കാരെ വട്ടംകറക്കുന്നത്. പൈങ്കണ്ണൂർ സ്കൂൾ എത്തുന്നതിന് അരക്കിലോമീറ്റർ മുൻപായാണ് വളാഞ്ചേരി ഭാഗത്തേക്കുള്ള ദിശാബോർഡ് സ്ഥാപിച്ചിരിക്കുന്നത്. ഇത് ശ്രദ്ധയിൽപ്പെടാത്തതാണ് വളാഞ്ചേരിയിലേക്കുള്ള ഭൂരിഭാഗം യാത്രികർക്കും വഴിതെറ്റുന്നത്.
ഇത്തരത്തിൽ സർവീസ് റോഡിലേക്ക് കയറാതെ പോകുന്നവർ കഞ്ഞിപ്പുരയിലെ സർവീസ് റോഡിലൂടെ വെട്ടിച്ചിറ വഴി തിരികെ ദേശീയപാതയിലൂടെ തന്നെ തിരിച്ചു വന്നാലെ വളാഞ്ചേരിയിലെത്താനാകൂ. അങ്ങോട്ടും തിരിച്ച് ഇങ്ങോട്ടും കൂടി 14 കിലാമീറ്ററോളം ദൂരം അധികമായി സഞ്ചരിക്കേണ്ടിവരും. പൈങ്കണ്ണൂർ യുപി സ്കൂളിന് സമീപത്തെ സർവീസ് റോഡിൽ വളാഞ്ചേരിയിലേക്കുള്ള ദിശാ ബോർഡ് സ്ഥാപിച്ച് പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് ജനങ്ങളുടെ ആവശ്യം