PONNANI

ചില്ലകൾ വെട്ടില്ല;ചിറകുയർത്തി പറക്കുംവരെ

പൊന്നാനി: പുതിയ പാതക്കായി തടസങ്ങൾ നീക്കുമ്പോൾ പറക്കമുറ്റാത്ത പക്ഷിക്കുഞ്ഞുങ്ങളുടെ ജീവൻ അറ്റുവീഴില്ല. കൂടൊഴിഞ്ഞുപോകുംവരെ അവയെ സംരക്ഷിക്കും. അല്ലെങ്കിൽ മരം വേരോടെ പിഴുതെടുത്ത് മറ്റൊരിടത്തേക്ക് മാറ്റും. റോഡ്‌ വികസനത്തിനായി മുറിച്ചുമാറ്റേണ്ട മരങ്ങളിലെ പക്ഷിക്കൂടുകൾ തേടി ദേശീയപാതാ അതോറിറ്റിയുടെയും വനംവകുപ്പിന്റെയും സംയുക്ത പരിശോധന. ജില്ലാ അതിർത്തിയായ രാമനാട്ടുകരമുതൽ പാലപ്പെട്ടി കാപ്പിരിക്കാട് വരെയുള്ള ഭാഗത്ത്‌ ദേശീയപാതാ വികസന ഭാഗമായി മുറിക്കേണ്ട മരങ്ങളിലെ പക്ഷിക്കൂടുകളെ കണ്ടെത്താനായിരുന്നു സർവേ. മുറിക്കേണ്ട 19 വൃക്ഷങ്ങളിൽ അഞ്ചെണ്ണത്തിൽ പക്ഷിക്കുഞ്ഞുങ്ങളും കൂടുകളും കണ്ടെത്തി. ഈ മരങ്ങളിൽ റിബൺ കെട്ടി സംരക്ഷിക്കും. അരീത്തോട്, കുളപ്പുറം, പൂവൻചിറ, വെന്നിയൂർ, മൂടാൽ എന്നിവിടങ്ങളിലെ മരങ്ങളിലാണ്‌ ഇത്തരത്തിൽ അടയാളമിടുക. പക്ഷിക്കുഞ്ഞുങ്ങൾ വളർന്ന് കൂടൊഴിഞ്ഞുപോയാലേ മരം മുറിക്കൂ. സോഷ്യൽ ഫോറസ്റ്റ് റേഞ്ച് ഓഫീസർ മുഹമ്മദ് നിഷാൽ, ദേശീയപാതാ ലെയ്സൺ ഓഫീസർ പി പി എം അഷ്റഫ്‌ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. തിരൂരങ്ങാടി താലൂക്കിലെ വി കെ പടിയിൽ ദേശീയപാതാ വികസനത്തിനായി മരംമുറിച്ചപ്പോൾ നിരവധി പക്ഷികൾ ചിറകറ്റു വീണിരുന്നു. അത് വലിയ പ്രതിഷേധത്തിന് ഇടയാക്കി. സംഭവത്തിൽ വനംവകുപ്പ്‌ കേസെടുത്തു. നാല് പ്രതികളിൽ മൂന്നുപേർ റിമാൻഡിലുമായി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button