കൊച്ചിയില്‍ ഒന്നരവയസ്സുകാരിയെ വെള്ളത്തില്‍ മുക്കിക്കൊന്നു; ഒരാൾ കസ്റ്റഡിയില്‍
കൊച്ചി: നഗരത്തിലെ ഹോട്ടലിൽവെച്ച് ഒന്നരവയസ്സുകാരി മരിച്ച സംഭവം കൊലപാതകമാണെന്ന് പോലീസ്. സംഭവത്തിൽ കുഞ്ഞിന്റെ മുത്തശ്ശിയുടെ കാമുകനായ പള്ളുരുത്തി സ്വദേശി ജോൺ ബിനോയ് ഡിക്രൂസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഹോട്ടൽമുറിയിൽവെച്ച് കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിലിട്ട് മുക്കിക്കൊന്നതായാണ് പോലീസിന്റെ കണ്ടെത്തൽ. പ്രതിയെ വിശദമായി ചോദ്യംചെയ്തുവരികയാണ്.
ശനിയാഴ്ചയാണ് കുഞ്ഞിന്റെ മുത്തശ്ശിയും കാമുകനും കലൂരിലെ ഹോട്ടലിൽ മുറിയെടുത്തത്. ഇവർക്കൊപ്പം മറ്റൊരു കുഞ്ഞും ഉണ്ടായിരുന്നു. ദമ്പതിമാരാണെന്ന് പറഞ്ഞാണ് ഇരുവരും ഹോട്ടലിൽ മുറിയെടുത്തതെന്നാണ് ജീവനക്കാർ പറയുന്നത്. കാഴ്ചയിൽ പ്രായവ്യത്യാസം തോന്നിയിരുന്നെങ്കിലും കുട്ടികളും ഉണ്ടായിരുന്നതിനാൽ സംശയങ്ങളുണ്ടായില്ല.
തിങ്കളാഴ്ച പുലർച്ചെ രണ്ടുമണിയോടെ മുറിയെടുത്ത സ്ത്രീ റിസപ്ഷനിലേക്ക് വരികയായിരുന്നു. കുഞ്ഞിന് സുഖമില്ലെന്നും ശ്വാസം കിട്ടുന്നില്ലെന്നും ഇവർ ജീവനക്കാരോട് പറഞ്ഞു. ഉടൻതന്നെ കുഞ്ഞിനെ മുറിയിൽനിന്ന് കൊണ്ടുവന്ന് ആശുപത്രിയിലേക്ക് പോയി. പിന്നാലെ ഇവർക്കൊപ്പമുണ്ടായിരുന്ന ജോൺ ബിനോയിയും റിസപ്ഷനിലെത്തി. ഇയാളും ആശുപത്രിയിലേക്ക് പോയി. എന്നാൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചിരുന്നു.
സംഭവത്തിൽ സംശയം തോന്നി പോലീസ് നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. ആദ്യം അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തത്. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതോടെ സംഭവം കൊലപാതകമാണെന്ന സംശയമുണർന്നു. തുടർന്ന് ജോൺ ബിനോയിയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ കൊലപാതകത്തിന്റെ ചുരുളഴിയുകയായിരുന്നു.
ഹോട്ടലിൽ മുറിയെടുത്ത സ്ത്രീയുടെ മകന്റെ കുഞ്ഞാണ് മരിച്ച ഒന്നരവയസ്സുകാരി. കുഞ്ഞിന്റെ അമ്മ വിദേശത്താണ്. സ്ത്രീയുടെ മകൻ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലുമാണ്. മകന്റെ രണ്ടുകുഞ്ഞുങ്ങളെയും മുത്തശ്ശിയായ സ്ത്രീയാണ് പരിചരിച്ചിരുന്നത്. മുത്തശ്ശിയും കാമുകനും ഹോട്ടലിൽനിന്ന് കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.