KERALA
അരുണാചൽ പ്രദേശിൽ ഹിമപാതത്തിൽപെട്ട് ഏഴ് സൈനികരെ കാണാതായി; രക്ഷാപ്രവര്‍ത്തനം തുടരുന്നു
അരുണാചല്‍പ്രദേശില്‍ ഹിമപാതത്തില്‍പെട്ട് ഏഴ് സൈനികരെ കാണാതായി. അരുണാചല്‍പ്രദേശിലെ കമെങ് സെക്ടറിൽ പട്രോളിങ് സംഘത്തിലുണ്ടായിരുന്ന സൈനികരെയാണ് കാണാതായത്. വ്യോമസേനയുടെ സഹായത്തോടെ പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച കമെങ് സെക്ടറിൽ സൈനികര്‍ പട്രോളിങ് നടത്തുന്നതിനിടെയാണ് ഹിമപാതം സംഭവിച്ചത്. ‘രക്ഷാപ്രവർത്തനങ്ങൾ പുരോഗമിച്ചിട്ടുണ്ട്, രക്ഷാപ്രവർത്തനങ്ങളിൽ സഹായിക്കാൻ പ്രത്യേക ടീമുകളെ പ്രദേശത്തേക്ക് എയർലിഫ്റ്റ് ചെയ്തിട്ടുണ്ടെന്നും’ ഡിഫൻസ് പിആർഒ തേസ്പുർ പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത മഞ്ഞുവീഴ്ചയ്‌ക്കൊപ്പം പ്രതികൂല കാലാവസ്ഥയാണ് പ്രദേശത്ത് അനുഭവപ്പെടുന്നത്. ജനസാന്ദ്രത കുറഞ്ഞ കമെങ് സെക്ടർ സമുദ്രനിരപ്പിൽ നിന്നും 14,000 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.