ആരോഗ്യ ഫുട്ബോൾ കാര്ഡ് പുറത്തിറക്കി
കാലടി: ജീവിത ശൈലി രോഗ നിയന്ത്രണ പരിപാടി ബോധവത്കരണത്തിനായി കാലടി കുടുംബാരോഗ്യ കേന്ദ്രം ആരോഗ്യ ഫുട്ബോൾ കാര്ഡ് പുറത്തിറക്കി. കാര്ഡിന്റെ ഒരു വശത്ത് ലോകോത്തര ഫുട്ബോൾ താരങ്ങളായ മെസ്സി, ക്രിസ്റ്റ്യനോ റൊണാള്ഡോ, നെയ്മർ തുടങ്ങിയവരുടെ ചിത്രങ്ങളും ജീവിതശൈലി രോഗ നിയന്ത്രണ സന്ദേശങ്ങളും ഉള്ക്കൊള്ളിച്ചിട്ടുണ്ട്. മറുവശത്ത് ഖത്തര് വേള്ഡ് കപ്പ് ഫുട്ബോൾ മത്സരങ്ങളുടെ വിവരങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
യുവാക്കളില് ജീവിത ശൈലി രോഗങ്ങള് കൂടി വരുന്ന സാഹചര്യത്തിൽ വ്യായാമത്തിന്റെ പ്രാധാന്യം ബോധവത്കരിക്കുന്നതിന് വേണ്ടിയാണ് മള്ട്ടി കളറില് ആരോഗ്യ ഫുട്ബോൾ കാര്ഡ് തയ്യാറാക്കിയിരിക്കുന്നത്. കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസ്ലം കെ തിരുത്തി പരിപാടി ഉദ്ഘാടനം ചെയ്തു. കാലടി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല് ഓഫീസര് ഡോ കെ.പി മൊയ്തീന് അധ്യക്ഷത വഹിച്ചു.
ആരോഗ്യ സ്റ്റാന്ഡിംങ് കമ്മറ്റി ചെയർമാൻ കെ.അബ്ദുള് ഗഫൂര്, കെ.കെ ആനന്ദന്, എം.രജിത, ബഷീര് തുറയാറ്റില്, കെ.സി മണിലാൽ, സതീഷ് അയ്യാപ്പില്, കെ.എ കവിത, സി.ബീന എന്നിവർ പ്രസംഗിച്ചു.