ആയുർഗ്രീൻ ഫൗണ്ടേഷൻ ഫോഴ്സ്’പദ്ധതിക്ക് തുടക്കം
എടപ്പാൾ: സ്ട്രോക്ക് പ്രതിരോധം, അടിയന്തര ചികിത്സ, പുനരധിവാസം എന്നിവയെക്കുറിച്ച് കേരളത്തിലുടനീളം അവബോധം സൃഷ്ടിക്കുന്നതിനായി ആയുർഗ്രീൻ ഫൗണ്ടേഷൻ ആവിഷ്കരിച്ച ‘സ്ട്രോക്ക് ഫോഴ്സ്’ പദ്ധതിക്ക് ഔദ്യോഗിക തുടക്കം. ആയുർഗ്രീൻ ഹോസ്പിറ്റലിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ സംസ്ഥാന ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ പദ്ധതിയുടെ ഉദ്ഘാടനവും സ്ട്രോക്ക് ഫോഴ്സ് ലോഗോ, മൊബൈൽ ആപ്ലിക്കേഷൻ എന്നിവയുടെ പ്രകാശനവും നിർവഹിച്ചു. സ്ട്രോക്ക് തടയാൻ സ്വീകരിക്കേണ്ട മുൻകരുതലുകൾ, ലക്ഷണങ്ങൾ കണ്ടാൽ ഉടനടി ചെയ്യേണ്ട കാര്യങ്ങൾ, സ്ട്രോക്കിനു ശേഷമുള്ള പുനരധിവാസത്തിന്റെ (Rehabilitation) പ്രാധാന്യം എന്നിവ പൊതുജനങ്ങളിൽ എത്തിക്കുക എന്നതാണ് ആയുർഗ്രീൻ ഫൗണ്ടേഷന്റെ ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
സ്ട്രോക്ക് ബാധിച്ചാൽ രോഗിയെ കാലതാമസമില്ലാതെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾക്ക് പകരം ന്യൂറോളജിസ്റ്റിന്റെ സേവനമുള്ള ആശുപത്രിയിൽ തന്നെ എത്തിക്കേണ്ടതിന്റെ ആവശ്യകത കമ്മ്യൂണിറ്റി അംഗങ്ങൾ വഴി ജനങ്ങളിലേക്കെത്തിക്കാൻ ഫൗണ്ടേഷൻ പ്രത്യേക ഊന്നൽ നൽകുന്നു. സ്ട്രോക്ക് ബാധിതരുടെ പുനരധിവാസത്തിന് സമൂഹത്തിൽ അർഹിക്കുന്ന പ്രാധാന്യം ലഭിക്കേണ്ടതുണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. ശരിയായ ബോധവൽക്കരണത്തിന്റെ അഭാവം മൂലം പല രോഗികളും ദീർഘകാലം വീടിനുള്ളിൽ തന്നെ ഒതുങ്ങിപ്പോകുന്ന സാഹചര്യമുണ്ട്. ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താൻ ആയുർഗ്രീൻ ഫൗണ്ടേഷന്റെ സ്ട്രോക്ക് ഫോഴ്സ് പ്രവർത്തനങ്ങൾക്ക് കഴിയട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. തവനൂർ എം.എൽ.എ. വി. എസ്. ജോയ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫൗണ്ടർ ആൻഡ് മാനേജിംഗ് ഡയറക്ടർ ഡോ. സക്കരിയ കെ. എൻ. സ്വാഗതം ആശംസിച്ചു.
പൊന്നാനി എം.എൽ.എ. കെ. പി. നൗഷാദ് അലി, മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. എ. ജബ്ബാർ ഹാജി എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. ത്രിതല പഞ്ചായത്ത് പ്രതിനിധികളായ മെഹറുന്നിസ കെ. പി, അഷ്ഹർ പെരുമുക്ക്, ടി. പി. ശ്രീജിത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഷാജിമോൾ പാലത്തിങ്കൽ, കൈപ്പുള്ളി അബ്ദുള്ളക്കുട്ടി, മുബ്ഷിറ സിറാജ്, കെ. പി. സിന്ധു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. ശോഭന എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. കൂടാതെ രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരായ പി. ടി. അജയ് മോഹനൻ, ഡോ. സി. പി. അലി ബാവ ഹാജി, രവി തേലത്ത്, എ. എം. രോഹിത്, ഇബ്രാഹിം മുതൂർ, ഉദയൻ, സഫീർ ഷാ, അൻവർ പഴഞ്ഞി എന്നിവരും പങ്കെടുത്തു. പല ഗൾഫ് രാജ്യങ്ങളിൽ നിന്നായി എത്തിയ വിദേശ പ്രതിനിധികളുടെ സാന്നിധ്യം ചടങ്ങിനെ രാജ്യാന്തര തലത്തിൽ ശ്രദ്ധേയമാക്കി.
യു.എ.ഇ.യിൽ നിന്നുള്ള അബ്ദുള്ള സുൽത്താൻ അബ്ദുള്ള അൽ ദാഹിരി, ഒമാനിൽ നിന്നുള്ള ഹൈതം അൽ റുഖൈഷി, കുവൈത്തിൽ നിന്നുള്ള ഖാലിദ് അബ്ദുൽ അസീസ് അൽ സുൽത്താൻ, ഖത്തറിൽ നിന്നുള്ള ജമാൽ സാലിം അൽ യാഫെയ്, സൗദി അറേബ്യയിൽ നിന്നുള്ള സൗദ് ഫാദി അൽ ജുഹ്നി, ബഹ്റൈനിൽ നിന്നുള്ള അബ്ദുൽഖാദർ അബ്ദുള്ള മഹ്ഫൂദ് എന്നിവരാണ് പരിപാടിയിൽ പങ്കെടുത്തത്. ആയുർഗ്രീൻ ഹോസ്പിറ്റൽ ചെയർമാൻ ഹിഫ്സു റഹ്മാൻ സന്നിഹിതനായിരുന്ന ചടങ്ങിൽ കോ-ഫൗണ്ടർ ആൻഡ് മെഡിക്കൽ ഡയറക്ടർ ഹബീബുള്ള എം. ടി. കൃതജ്ഞത രേഖപ്പെടുത്തി.