SPORTS
ചെന്നൈ കടന്നു, ഇനി മുംബൈയുടെ ഊഴം; എലിമിനേറ്ററിൽ ഇന്ന് ലക്നൗ എതിരാളികൾ
ഐപിഎൽ എലിമിനേറ്ററിൽ ഇന്ന് മുംബൈ ഇന്ത്യൻസ് ലക്നൗ സൂപ്പർ ജയൻ്റ്സിനെ നേരിടും. ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. ഇതുവരെ മൂന്ന് തവണ ഏറ്റുമുട്ടിയപ്പോഴും ജയം ലക്നൗവിനൊപ്പമായിരുന്നു. ഇതേ ഹെഡ് ടു ഹെഡ് റെക്കോർഡുമായി ഇന്നലെ ആദ്യ ക്വാളിഫയറിൽ ഗുജറാത്തിനെ നേരിട്ട ചെന്നൈ ജയം നേടി ഫൈനലിൽ പ്രവേശിച്ചു. എന്നാൽ, കരുത്തുറ്റ സ്പിൻ ഡിപ്പാർട്ട്മെൻ്റുമായി എത്തുന്ന ലക്നൗ മുംബൈ ഇന്ത്യൻസിന് കനത്ത വെല്ലുവിളി ഉയർത്തുമെന്നാണ് കരുതപ്പെടുന്നത്. ഇന്ന് വിജയിക്കുന്നവർ രണ്ടാം ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനെ നേരിടും.
തോറ്റുതുടങ്ങിയ മുംബൈ പിന്നീട് തങ്ങളുടെ കരുത്ത് തിരിച്ചറിഞ്ഞ്, അതിനനുസരിച്ച് കളിശൈലി മാറ്റിയാണ് അവസാന നാലിലെത്തിയത്. കാമറൂൺ ഗ്രീനിനെ മൂന്നാം നമ്പരിൽ പരീക്ഷിച്ചത് ആദ്യ മത്സരങ്ങളിൽ അത്ര ഇംപാക്ട് ഉണ്ടാക്കിയില്ലെങ്കിലും സൺറൈസേഴ്സിനെതിരായ നിർണായക ഗ്രൂപ്പ് മത്സരത്തിൽ മുംബൈ നേട്ടമുണ്ടാക്കി. രോഹിത് ഫോമിലേക്കെത്തിയതും മുംബൈക്ക് ആശ്വാസമാണ്. ബാറ്റിംഗ് ഹെവി ആയ മുംബൈ ഇന്നും അത് തന്നെ തുടരാനാവും ലക്ഷ്യമിടുക. രോഹിത്, കിഷൻ, ഗ്രീൻ, സൂര്യ, തിലക്, നേഹൽ എന്നിങ്ങനെ എക്സ്പ്ലോസീവായ ബാറ്റിംഗ് നിര ഏത് ബൗളിംഗ് ഡിപ്പാർട്ട്മെൻ്റിനെയും തച്ചുതകർക്കാൻ ശേഷിയുള്ളതാണ്. എന്നാൽ, സ്പിൻ പിച്ചായ ചെപ്പോക്കിൽ ഈ ബാറ്റിംഗ് നിര രക്ഷപ്പെടുമോ എന്ന് കണ്ടറിയണം.