അവശ്യസാധനങ്ങളുടെ വിലവർധനവിനെതിരെ SDPI പൊന്നാനി മുനിസിപ്പൽ കമ്മറ്റി പ്രധിഷേധം സംഘടിപ്പിച്ചു
കേരള സർക്കാർ അടിയന്തിരമായി പൊതു വിപണിയിൽ ഇടപെടുക”ഓണാഘോഷം പടിവാതിൽക്കൽ എത്തി നിൽക്കുന്ന ഈ ഘട്ടത്തിൻ പോലും അവശ്യസാധനങ്ങളുടെ അനിയന്ത്രിതമായ വിലവർധനവിലൂടെ സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുകയാണെന്നും, ജനജീവിതം കൂടുതൽ ദുരിതപൂർണമാകുകയാണെന്നും SDPI പൊന്നാനി മുനിസിപ്പൽ പ്രസിഡണ്ട് പി.പി സക്കീർ പ്രസ്താവിച്ചു.അരി, പച്ചക്കറി, പലവ്യഞ്ജനങ്ങൾ, പാചകവാതകം, പാൽ, മരുന്നുകൾ തുടങ്ങി നിത്യജീവിതത്തിന് അനിവാര്യമായ സാധനങ്ങളുടെ വില തുടർച്ചയായി ഉയരുന്നത് സാധാരണക്കാരെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. ദിവസവേതനക്കാരും ചെറുകിട തൊഴിലാളികളും കർഷകരും മത്സ്യത്തൊഴിലാളികളും താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങളും വരുമാനത്തിന്റെ വലിയൊരു ഭാഗം ഭക്ഷണത്തിനും മറ്റ് അവശ്യചെലവുകൾക്കുമായി മാറ്റിവെക്കേണ്ട അവസ്ഥയിലാണ്.വിലവർധനവിനൊപ്പം തൊഴിലില്ലായ്മയും വരുമാനക്കുറവും വർധിച്ചുവരുന്നത് ജനങ്ങളുടെ ജീവിതപ്രശ്നങ്ങൾ കൂടുതൽ ഗുരുതരമാക്കുകയാണ്. വിപണിയിലെ കൃത്രിമ വിലവർധനവ്, പൂഴ്ത്തിവെപ്പ്, അമിതലാഭം എന്നിവയ്ക്കെതിരെ ശക്തമായ പരിശോധനയും കർശനമായ നിയമനടപടികളും സർക്കാർ ഉറപ്പാക്കണം. സാധാരണ ജനങ്ങൾക്ക് ന്യായവിലയിൽ അവശ്യസാധനങ്ങൾ ലഭ്യമാക്കുന്നതിനുള്ള സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയും വേണം.
വിലക്കയറ്റം ഒരു സാധാരണ സാമ്പത്തിക പ്രശ്നമായി മാത്രം കാണാതെ ജനങ്ങളുടെ ജീവിക്കാനുള്ള അവകാശവുമായി ബന്ധപ്പെട്ട വിഷയമായി സർക്കാർ പരിഗണിക്കണം. പൊതുവിതരണ സംവിധാനത്തെ കാര്യക്ഷമമാക്കുകയും ആവശ്യമായ സാധനങ്ങൾ മതിയായ അളവിൽ ലഭ്യമാക്കുകയും ചെയ്യുന്നതോടൊപ്പം വിപണിയിലെ വിലനിലവാരം നിരീക്ഷിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ജനങ്ങളുടെ ദൈനംദിന ജീവിതത്തെ നേരിട്ട് ബാധിക്കുന്ന ഈ വിഷയത്തിൽ സർക്കാരിന്റെയും ബന്ധപ്പെട്ട അധികാരികളുടെയും അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് SDPI മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുനിസിപ്പൽ തലത്തിൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് വിഷയാവതരണം നടത്തിയ ജമാൽ എരിക്കാം പാടം പറഞ്ഞു.വിലക്കയറ്റത്തിനെതിരെ ജനകീയ പ്രതിഷേധം ഉയർത്തിപ്പിടിക്കാനും സാധാരണക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാനും മുഴുവൻ ജനാധിപത്യ വിശ്വാസികളും പൊതുസമൂഹവും ഈ പ്രതിഷേധത്തിൽ അണിനിരക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
മുനിസിപ്പൽ സെക്രട്ടറി ജമാലുദ്ധീൻ സ്വാഗതം ആശംസിച്ചു, മുനിസിപ്പൽ പ്രസിഡണ്ട് പി.പി സെക്കീർ അധ്യക്ഷം വഹിച്ച പരിപാടിയിൽ ജമാൽ എരിക്കാം പാടം, ഫൈസൽ ബിസ്മി, സലാം കല്ലിങ്ങൽ, ഹംസക്കോയ, സത്താർ തുടങ്ങിയവർ സംബന്ധിച്ച പരിപാടിക്ക് ഫൈസൽ ബിസ്മി നന്ദി പറഞ്ഞു.