ബിയ്യം കായൽ ജലോത്സവം 27ന്
പൊന്നാനി: പൊന്നാനി താലൂക്ക് ഓണം ടൂറിസം വാരാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ബിയ്യം കായൽ ജലോത്സവം 27ന് ഉച്ചയ്ക്ക് രണ്ടിന് നടക്കും. റവന്യൂ മന്ത്രി കെ.പി. അനിൽകുമാർ ഉദ്ഘാടനം ചെയ്യും. കെ.പി. നൗഷാദലി എം.എൽ.എ അധ്യക്ഷത വഹിക്കും. എം.പിമാരായ ഡോ. എം.പി. അബ്ദുസ്സമദ് സമദാനി, പി.പി. സുനീർ, വി.എസ്. ജോയ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി തുടങ്ങിയവർ മുഖ്യാതിഥികളായി പങ്കെടുക്കും.സിനിമാ താരം ഷൈൻ നിഗം വിശിഷ്ടാതിഥിയാകും. കളക്ടർ ഡോ. വിനയ് ഗോയൽ സ്വാഗതം ആശംസിക്കും. ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ, തിരൂർ സബ്‌കലക്ടർ ദിലീപ് കൈനിക്കര, വിവിധ ജനപ്രതിനിധികൾ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിക്കും.21ന് പൊന്നാനി സി.വി ജങ്ഷനിൽനിന്നും തൃശൂർ വടക്കുന്നാഥൻ സംഘത്തിന്റെ പുലിക്കളിയോടെ തുടങ്ങിയ വാരാഘോഷം ബിയ്യം കായൽ ജലോത്സവത്തോടെയാണ് സമാപിക്കുക. ഓണാഘോഷ വിളംബര സൈക്ലിങ് ഷോ, ക്രോസ് കൺട്രി മത്സരം, വിവിധ ഓണമത്സരങ്ങൾ, കളരിപ്പയറ്റ് പ്രദർശനം, ഗസൽ സന്ധ്യ, പ്രദർശന നീന്തൽ തുടങ്ങിയ വിവിധ പരിപാടികൾ ഓണം-ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായി നടക്കും. കെ.പി. നൗഷാദലി എം.എൽ.എ ചെയർമാനായും പൊന്നാനി തഹസിൽദാർ പ്രമോദ് പി. ലാസിറസ് ജനറൽ കൺവീനറായും മലപ്പുറം ഡി.ടി.പി.സി സെക്രട്ടറി വിപിൻ ചന്ദ്ര ജോയിന്റ് കൺവീനറായും സംഘാടകസമിതി രൂപവത്കരിച്ചു.