കാറിലെ രഹസ്യ അറയിൽ കടത്താൻ ശ്രമിച്ച 47 ലക്ഷം രൂപ പിടികൂടി
പെരിന്തൽമണ്ണ: കൃത്യമായ രേഖകളില്ലാതെ കാറിൽ കടത്താൻ ശ്രമിച്ച 47 ലക്ഷം രൂപയുമായി മലപ്പുറം മേൽമുറി സ്വദേശി സാദിക്കലിയെ പെരിന്തൽമണ്ണ പോലീസ് പിടികൂടി. പോലീസിന്റെ ‘ഓപ്പറേഷൻ തൂഫാൻ’ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പെരിന്തൽമണ്ണ നഗരത്തിലും പരിസര പ്രദേശങ്ങളിലും പരിശോധന കർശനമാക്കിയിരുന്നു.ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് വാഹനം കസ്റ്റഡിയിലെടുത്ത് പരിശോധിക്കുകയായിരുന്നു. കാറിന്റെ പിൻ സീറ്റിനടിയിൽ പ്രത്യേകമായി തയ്യാറാക്കിയ രഹസ്യ അറയിൽ 500 രൂപയുടെ കെട്ടുകളാക്കി ഒളിപ്പിച്ച നിലയിലാണ് പണം കണ്ടെത്തിയത്. മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ, പെരിന്തൽമണ്ണ ഡിവൈ.എസ്.പി ഗോപുകുമാർ എന്നിവരുടെ നിർദ്ദേശപ്രകാരം പോലീസ് ഇൻസ്പെക്ടർ സുമേഷ് സുധാകരൻ, എസ്.ഐ അൻവർ സാദിഖ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഡാൻസാഫ് സ്ക്വാഡും ചേർന്നാണ് പരിശോധന നടത്തി പ്രതിയെയും പണവും പിടികൂടിയത്.