EDAPPALLocal news

രക്തദാനം അലിമോന് ജീവിതവ്രതം; 25 വർഷത്തിനുള്ളിൽ രക്തദാനം നൽകിയത് 58 പേർക്ക്

എടപ്പാൾ: അലിമോന് പ്രായം 50 ആയിട്ടേയുള്ളൂ. മൂന്നുവർഷത്തെ പ്രവാസജീവിതം കഴിച്ചാൽ 18 വയസ്സിനുശേഷം നാട്ടിലുണ്ടായത് 29 വർഷം. ഇതിനിടയിൽ ഇദ്ദേഹത്തിന്റെ രക്തം സിരകളിലാവാഹിച്ചത് വിവിധ തുറകളിലുള്ള 58 പേർ. എടപ്പാൾ പൂക്കരത്തറ കോലക്കാട്ട് അലിമോൻ ആണ് രക്തദാനം ജീവദാനമെന്ന സന്ദേശം അക്ഷരാർത്ഥത്തിൽ ജീവിതവ്രതമായി സ്വീകരിച്ചത്.

പൂക്കരത്തറ എ.എം.എൽ.പി. സ്കൂൾ അധ്യാപകനായിരുന്ന പരേതനായ മുഹമ്മദിന്റെ മകനായ അലിമോൻ 15 വയസ്സുമുതൽ രക്തദാനത്തോടുള്ള ആഭിമുഖ്യം പ്രകടിപ്പിച്ചിരുന്നു. പിതാവിന്റെ പ്രചോദനമായിരുന്നു കാരണം. അക്കാലത്ത് രക്തദാനമെന്നത് പേടിപ്പെടുത്തുന്ന ഒന്നായിരുന്നു. എന്നാൽ അന്നുമുതൽതന്നെ രക്തദാനം ചെയ്യുന്നവരുടെ പേരുകളും വിവരങ്ങളുമെല്ലാം ശേഖരിച്ചുവെക്കുകയും ആവശ്യക്കാർക്ക് പറഞ്ഞുകൊടുക്കുകയും ചെയ്യുന്നതിലായിരുന്നു അലിമോന്റെ താത്പര്യം.

പൂക്കരത്തറ മദ്രസയിലെ പൂർവവിദ്യാർഥി സംഘടനയുടെ കീഴിലായിരുന്നു ഈ പ്രവർത്തനം. അവശനായിക്കിടന്ന നാട്ടുകാരനായ വയോധികന് രക്തം നൽകിയായിരുന്നു 18 വയസ്സ് കഴിഞ്ഞകാലത്ത് രക്തദാനരംഗത്തേക്കുള്ള കടന്നുവരവ്. പിന്നീട് ഒ പോസിറ്റീവ് രക്തമാവശ്യമുണ്ടെന്നു കേട്ടാൽ അലിമോൻ അവിടെ ഓടിയെത്തും.

രക്തബാങ്കുകളൊന്നുമില്ലാതിരുന്ന അക്കാലത്ത് രക്തംകിട്ടാതെ ഒരു ജീവനും പൊലിയരുതെന്ന അണയാത്ത നിശ്ചയമായിരുന്നു ഇതിനു പ്രേരിപ്പിച്ചത്.

ഇതിനിടയിൽ മൂന്നുവർഷത്തോളം പലപ്പോഴായി വിദേശത്ത് തങ്ങേണ്ടിവന്നു. ഈ കാലഘട്ടത്തിലൊഴികെയുള്ള എല്ലാസമയത്തും മൂന്നുമാസത്തെ ഇടവേളകൾ നോക്കി രക്തദാനം നടത്തി. ബ്ലഡ് ഡോണേഴ്സ് കേരളയുടെ ജില്ലാ ഉപദേശകസമിതിയംഗം കൂടിയായ ഇദ്ദേഹത്തിന് ഏറ്റവുമധികം തവണ രക്തദാനം നൽകിയവർക്ക് സർക്കാർ നൽകുന്ന പ്രശംസാപത്രവും ലഭിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button