മുൻകരുതലുകളില്ല, മുന്നറിയിപ്പില്ല; പുതുപൊന്നാനി – കുറ്റിപ്പുറം പാതയിലൂടെയുള്ള രാത്രിയാത്ര അപകടകരം
പൊന്നാനി: സുരക്ഷാ മുൻകരുതലുകളില്ല, മുന്നറിയിപ്പ് ബോർഡുകളില്ല, സ്ട്രീറ്റ് ലൈറ്റുകളില്ല. ഇരുഭാഗത്തും ആറുവരിപ്പാതയുടെ നിർമാണം നടക്കുമ്പോൾ ദേശീയപാതയിലൂടെയുള്ള രാത്രിയാത്ര ഏറെ അപകടകരം. കുറ്റിപ്പുറം – പുതുപൊന്നാനി പാതയിൽ അവസ്ഥ ഗുരുതരമാണ്. റോഡിന്റെ വശങ്ങൾ മണ്ണിട്ടുയർത്തിയും ചില ഭാഗങ്ങളിൽ മണ്ണെടുത്ത് താഴ്ത്തിയും പുതിയ പാതയൊരുക്കുമ്പോൾ നിലവിലുള്ള റോഡിൽ സുരക്ഷാ മുൻകരുതലുകളൊന്നും സ്വീകരിക്കുന്നില്ല. ഏറെ അപകട ഭീഷണി ഉയർത്തുന്ന റോഡിലൂടെയാണ് വാഹനങ്ങൾ കടന്നു പോകുന്നത്.
പുതുപൊന്നാനി മുതൽ കുറ്റിപ്പുറം വരെ വിരലിലെണ്ണാവുന്ന സ്ഥലങ്ങളിൽ മാത്രമാണ് സ്ട്രീറ്റ് ലൈറ്റുകളുള്ളത്. നിർമാണത്തിന്റെ ഭാഗമായി കൂട്ടിയ മണ്ണും ചില ഭാഗങ്ങളിൽ കരിങ്കൽ കഷ്ണങ്ങളും വരെ നിലവിലെ റോഡിലേക്ക് വീണിട്ടുണ്ട്. ഇത് ശ്രദ്ധയിൽപെടാതെ രാത്രി കടന്നു പോകുന്ന വാഹനങ്ങൾ അപകടത്തിൽപെടുന്ന അവസ്ഥയാണ്. ഇരുചക്രവാഹനങ്ങൾക്കാണ് ഏറെ ഭീഷണി. റോഡരികിൽ താഴ്ച രൂപപ്പെട്ട ഭാഗത്ത് മുന്നറിയിപ്പില്ല.
റോഡരികിൽ തന്നെ നൂറോളം ലോറികളും മണ്ണുമാന്തി യന്ത്രവുമെല്ലാം നിർത്തിയിടുന്നുണ്ട്. പാത കടന്നുപോകുന്ന നഗരഹൃദയ ഭാഗങ്ങളിൽ മാത്രമാണ് സ്ട്രീറ്റ് ലൈറ്റുകളുള്ളത്. റോഡിൽ കലുങ്ക് നിർമിക്കുന്ന ഭാഗങ്ങളിൽ പോലും സുരക്ഷാ മുന്നറിയിപ്പുകളില്ല. അതിവേഗം കുതിക്കുന്ന ആറുവരിപ്പാത നിർമാണം അഭിമാനമാകുമ്പോൾ തന്നെ വഴിയിൽ പതിയിരിക്കുന്ന അപകടങ്ങൾ ഒഴിവാക്കാൻ കൂടി നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
