KUTTIPPURAMLocal news

കുണ്ടും കുഴിയും: കുറ്റിപ്പുറം-തിരൂർ റോഡിൽ യാത്രാദുരിതം രൂക്ഷം

കുറ്റിപ്പുറം : തിരൂർ റോഡിൽ റെയിൽവേ മേൽപ്പാലത്തിന് താഴെ റോഡ് വീണ്ടും തകർന്നു. ഇതോടെ ഇതുവഴിയുള്ള യാത്രാദുരിതം രൂക്ഷമായി. മഴയേത്തുടർന്ന് റോഡിലെ ടാർ പൊളിഞ്ഞ് പോയിടത്തെല്ലാം വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. ഈ കുഴികളിൽപ്പെട്ട് പ്രധാനമായും ഇരുചക്ര വാഹനയാത്രക്കാരാണ് അപകടത്തിൽപെടുന്നത്.കാൽനടയാത്രയായി കുറ്റിപ്പുറം ടെക്നിക്കൽ സ്കൂളിലേക്ക് പോകുന്ന അധ്യാപകരും വിദ്യാർഥികളും ഉൾപ്പെടെയുള്ളവർക്ക് വലിയ പ്രയാസവുമുണ്ടാക്കുന്നു. നിളയോരം പാർക്കിലേക്ക് പോകുന്നവരെയും റോഡിന്റെ തകർച്ച ബുദ്ധിമുട്ടിക്കുന്നു.

കുഴികളിൽ മഴവെള്ളം കെട്ടിനിൽക്കുന്നു. ഇതിലൂടെ വാഹനങ്ങൾ കയറുമ്പോൾ വഴിയാത്രക്കാരുടെ ശരീരത്തിലേക്ക് ചെളിവെള്ളം തെറിക്കുന്ന സാഹചര്യമുണ്ട്. പ്രതിഷേധങ്ങളെത്തുടർന്ന് തകർന്ന് തരിപ്പണമായി കിടന്നിരുന്ന റോഡിലെ ഈ ഭാഗം ഏതാനും മാസങ്ങൾക്കു മുൻപ് ടാറിങ് നടത്തിയിരുന്നു.

പ്രതിഷേധം തണുപ്പിക്കാൻ നടത്തുന്ന ടാറിങ് ഗുണനിലവാരമില്ലാത്തതാണെന്ന ആരോപണം അന്നേ ഉയർന്നിരുന്നു. അതിനെ സാധൂകരിക്കുന്ന രീതിയിലാണ് ഇപ്പോൾ റോഡ് തകർന്നിരിക്കുന്നത്.റോഡിന്റെ തകർച്ച അടിയന്തരമായി പരിഹരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button