മലപ്പുറത്തെ റോഡുകൾ രാജ്യാന്തര നിലവാരത്തിലേക്ക്; സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിക്ക് സർക്കാരിന്റെ പച്ചക്കൊടി
മലപ്പുറം: മലപ്പുറം നഗരത്തിലെ റോഡുകൾ രാജ്യാന്തര നിലവാരത്തിലേക്ക്. മലപ്പുറം നഗരവും പരിസര പ്രദേശങ്ങളും ഉൾപ്പെട്ട 30 കിലോമീറ്റർ ദൈർഘ്യമുള്ള റോഡുകളുടെ സമഗ്രവികസനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിക്ക് സർക്കാരിന്റെ പച്ചക്കൊടി. നഗരത്തിലെ പ്രധാന റോഡുകൾ റബറൈസ്ഡ് ചെയ്യൽ അടക്കം മികച്ച നിലവാരത്തിൽ നവീകരിക്കും.
ആദ്യഘട്ടത്തിൽ 12 റോഡുകളുടെ വികസനമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മുൻ കലക്ടർ വി.ആർ.വിനോദിനാണ് പദ്ധതിയുടെ നിർവഹണച്ചുമതല. മലപ്പുറം നഗരത്തിലെയും നഗരത്തെ ബന്ധിപ്പിക്കുന്നതുമായ റോഡുകളുടെ വികസനത്തിനു 30 കോടി രൂപ ബജറ്റിൽ അനുവദിച്ചിരുന്നു.
പദ്ധതിയുടെ ആകെ അടങ്കൽ തുക 70 കോടി രൂപയാണ്. 2014ൽ കേരള റോഡ് ഫണ്ട് ബോർഡ് (കെആർഎഫ്ബി) തയാറാക്കിയ മലപ്പുറം സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതി (എംസിആർഐപി) 12 വർഷങ്ങൾക്കു ശേഷം ബജറ്റിൽ ഉൾപ്പെടുത്തുകയായിരുന്നു. അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ച് റോഡിന്റെ വീതികൂട്ടൽ, ഇന്റർലോക്ക് ടൈൽ പാകിയ ഫുട്പാത്ത്, വാഹന പാർക്കിങ്, അലങ്കാര വിളക്കുകൾ സ്ഥാപിക്കൽ, പ്രധാന കേന്ദ്രങ്ങളിൽ ബസ് ബേ, അഴുക്കുചാൽ നവീകരണം തുടങ്ങിയവയും പദ്ധതിയിലുൾപ്പെടുന്നുണ്ട്.
പദ്ധതിയുമായി ബന്ധപ്പെട്ട ഉന്നതതല യോഗം സെക്രട്ടേറിയറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു. മന്ത്രിമാരായ പി.െക.കുഞ്ഞാലിക്കുട്ടി, പി.കെ.ബഷീർ, വി.ആർ.വിനോദ്, സാമൂഹിക ക്ഷേമ സ്പെഷൽ സെക്രട്ടറി അദീല അബ്ദുല്ല, നഗരസഭാധ്യക്ഷ വി.റിനിഷ, സ്ഥിരസമിതി അധ്യക്ഷൻ പരി അബ്ദുൽ മജീദ് തുടങ്ങിയവർ പങ്കെടുത്തു.