കോഴിക്കോട് തീരത്ത് കള്ളക്കടല്‍ മുന്നറിയിപ്പ്; ബീച്ചുകളില്‍ പ്രവേശനം നിരോധിച്ചു
കോഴിക്കോട്: കേരള തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകള്‍ക്ക് സാധ്യതയുള്ളതിനാല്‍ കോഴിക്കോട് ജില്ലയില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി സുരക്ഷാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.ഇതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ ബീച്ചുകളിലേക്കും ആഗസ്റ്റ് 19ന് രാത്രി 12 മണി മുതല്‍ ആഗസ്റ്റ് 20ന് രാത്രി 12 മണി വരെ പ്രവേശനം നിരോധിച്ച് ജില്ലാ കലക്ടര്‍ ഉത്തരവായി. വിനോദസഞ്ചാരികള്‍ക്കും സന്ദര്‍ശകര്‍ക്കും കച്ചവടക്കാര്‍ക്കും ബീച്ചുകളിലേക്ക് പ്രവേശനം അനുവദിക്കില്ല. കടലില്‍ കുളിക്കുകയോ വെള്ളത്തിലിറങ്ങുകയോ കടല്‍ത്തീരത്തിന്റെ അരികിലേക്ക് സമീപിക്കുകയോ ചെയ്യുന്നതും പൂര്‍ണമായി നിരോധിച്ചിട്ടുണ്ട്. ബേപ്പൂര്‍ ഉള്‍പ്പെടെ ജില്ലയിലെ മുഴുവന്‍ തീരപ്രദേശങ്ങളിലും മുന്നറിയിപ്പ് ബാധകമാണ്.മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുകയോ ചെറുവള്ളങ്ങളും പരമ്പരാഗത വള്ളങ്ങളും കടലിലേക്ക് ഇറക്കുകയോ ചെയ്യരുതെന്നും നിര്‍ദേശമുണ്ട്. ബേപ്പൂര്‍ തുറമുഖം, കൊയിലാണ്ടി ഹാര്‍ബര്‍ എന്നിവിടങ്ങളിലെയും മറ്റ് മത്സ്യബന്ധന കേന്ദ്രങ്ങളിലെയും വള്ളങ്ങള്‍ മതിയായ അകലത്തില്‍ സുരക്ഷിതമായി കെട്ടിയിടണം.ബേപ്പൂര്‍, കൊയിലാണ്ടി എന്നിവിടങ്ങളിലെയും തീരദേശ മത്സ്യബന്ധന കേന്ദ്രങ്ങളിലെയും ജനങ്ങള്‍ക്ക് ഫിഷറീസ് വകുപ്പ് മൈക്ക് അനൗണ്‍സ്മെന്റ് നടത്തും. കോസ്റ്റല്‍ പൊലീസ്, മറൈന്‍ എന്‍ഫോഴ്സ്മെന്റ്, ബേപ്പൂര്‍ റീജിയണല്‍ പോര്‍ട്ട് ഓഫീസര്‍, ഫിഷറീസ് വകുപ്പ് എന്നിവര്‍ തീരപ്രദേശങ്ങളില്‍ നിരീക്ഷണം ശക്തമാക്കും.മുന്നറിയിപ്പ് പ്രകാരം ആഗസ്റ്റ് 19ന് പുലര്‍ച്ചെ 2.30 മുതല്‍ ആഗസ്റ്റ് 20ന് വൈകിട്ട് 5.30 വരെ 16 മുതല്‍ 21 സെക്കന്‍ഡ് വരെ കാലദൈര്‍ഘ്യമുള്ളതും 1.2 മുതല്‍ 1.9 മീറ്റര്‍ വരെ ഉയരമുള്ളതുമായ തിരമാലകള്‍ക്ക് സാധ്യതയുണ്ട്. ശക്തമായ തിരമാലകള്‍ പെട്ടെന്നുള്ള കടല്‍ കയറ്റത്തിനും തീരമേഖലയില്‍ വെള്ളം കയറുന്നതിനും തീരശോഷണത്തിനും കെട്ടിയിട്ടിരിക്കുന്ന മത്സ്യബന്ധന വള്ളങ്ങള്‍ക്ക് നാശനഷ്ടമുണ്ടാകുന്നതിനും കാരണമാകാന്‍ സാധ്യതയുണ്ട്.ആഗസ്റ്റ് 20ന് രാത്രി 12 മണി വരെയോ മുന്നറിയിപ്പ് പിന്‍വലിക്കുന്നതുവരെയോ സുരക്ഷാ നിര്‍ദേശങ്ങള്‍ കര്‍ശനമായി തുടരും. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം നടപടി സ്വീകരിക്കുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.