BREAKING NEWSLATEST NEWS
പരുതൂർ സ്കൂളിലെ വെടിവെപ്പ്: വിദ്യാർഥിയുടെ മാതാവിനെതിരെ കേസെടുത്ത് തൃത്താല പോലീസ്
തൃത്താല: പള്ളിപ്പുറം പരുതൂർ ഹയർ സെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിക്ക് സഹപാഠിയുടെ വെടിയേറ്റ സംഭവത്തിൽ വിദ്യാർഥിയുടെ മാതാവിനെതിരെ തൃത്താല പോലീസ് ആയുധ നിയമപ്രകാരം കേസെടുത്തു.
വിദ്യാർഥി വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന നാടൻ തോക്ക് സ്കൂളിലെത്തിക്കുകയും സഹപാഠികൾക്കിടയിൽ പ്രദർശിപ്പിക്കുന്നതിനിടെ അബദ്ധത്തിൽ വെടിയുതിർക്കുകയുമായിരുന്നു. സംഭവത്തിൽ ഒരു വിദ്യാർഥിയുടെ തോളിന് പരിക്കേറ്റിരുന്നു. നവംബർ 24ന് രാവിലെ 11.40ഓടെയാണ് സംഭവം നടന്നത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ വിദ്യാർഥി ഉപയോഗിച്ച തോക്ക് ലൈസൻസില്ലാതെ കൈവശം വെക്കാനോ ഉപയോഗിക്കാനോ പാടില്ലാത്തതും പ്രവർത്തനക്ഷമവുമായ നാടൻ തോക്കാണെന്ന് കണ്ടെത്തി.
ഇതിന്റെ അടിസ്ഥാനത്തിൽ ആയുധ നിയമത്തിലെ 3, 25(1-B)(a) വകുപ്പുകൾ പ്രകാരമാണ് മാതാവിനെതിരെ കേസെടുത്തത്. സംഭവത്തിൽ തുടർ അന്വേഷണം നടക്കുകയാണ്.