Local newsMALAPPURAM

മലപ്പുറത്തിന് ഇന്ന് 57–ാം പിറന്നാൾ; ജില്ല വിഭജിക്കണമെന്ന ആവശ്യം ശക്തം : പ്രക്ഷോഭം’ശക്തമാക്കാൻ, എസ്ഡിപിഐ

മലപ്പുറം: ഇന്ന് രൂപീകരണത്തിന്റെ 57–ാം വാർഷികം ആഘോഷിക്കുമ്പോൾ, ഭരണപരമായ സൗകര്യത്തിനായി മലപ്പുറം ജില്ലവിഭജിക്കണമെന്നആവശ്യം സജീവമാകുന്നു. ജില്ലാരൂപീകരണത്തെക്കുറിച്ച് പഠിക്കാൻ സ്പെഷൽ കമ്മിഷണറെ നിയമിക്കണമെന്നാവശ്യപ്പെട്ട്’ യൂഡിഎഫ് ജില്ലാനേതൃത്വം ഇന്നു മുഖ്യമന്ത്രി വി.ഡി.സതീശനു നിവേദനം നൽകും. കഴിഞ്ഞ ദിവസം യുഡിഎഫ് ജില്ലാകമ്മിറ്റിയിലുണ്ടായ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് ജില്ലാ ചെയർമാൻ കെ.പി.അബ്ദുൽ മജീദ്, കൺവീനർ അഷ്റഫ് കോക്കൂർ എന്നിവർ മുഖ്യമന്ത്രിയെ കാണുന്നത്..

മലപ്പുറം ജില്ല വിഭജിച്ചു തിരൂർ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം ശക്തമാക്കുമെന്ന് എസ്ഡിപിഐ മലപ്പുറം ജില്ലാ നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മലപ്പുറം ജില്ലാ രൂപീകരണ ദിവസമായ ഇന്ന് ജൂൺ 16 മുതൽ ആറ് മാസം നീണ്ടു നിൽക്കുന്ന കാംപയിനാണ് ജില്ലാ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ സംഘടിപ്പിക്കുക. നാളെ വൈകിട്ട് 4.30ന് മലപ്പുറത്ത് നടക്കുന്ന തുടർ സമര പ്രഖ്യാപനം സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് ഉദ്ഘാടനം ചെയ്യും.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ലയാണ് മലപ്പുറം. വിസ്തീർണ്ണത്തിൽ മൂന്നാം സ്ഥാനവുമാണ്. മലപ്പുറത്തിന്റെ നാലിൽ ഒന്ന് ജനസംഖ്യയുള്ള ജില്ലകൾക്ക് നൽകുന്ന അതെ വിഹിതങ്ങൾ തന്നെയാണ് മലപ്പുറത്തിനും ലഭിക്കുന്നത്. അതിനാൽ തന്നെ വികസനത്തിൽ ഏറെ പിന്നിലാണ്. വലിയ വിസ്തീർണ്ണമുള്ളത് അഡ്മിനിസ്ട്രേഷനെ ബാധിക്കുന്നുണ്ടെന്ന് മുൻ ജില്ലാ കളക്ടർ ഉൾപ്പെടെ നേരത്തെ വ്യക്തമാക്കിയതാണ്. അതുകൊണ്ട് തന്നെ ജില്ല വിഭജിക്കണമെന്ന കാര്യത്തിൽ ഇപ്പോൾ ആർക്കും അഭിപ്രായവ്യത്യാസം ഉണ്ടാക്കാൻ സാധ്യതയില്ല.

ആരോഗ്യ, വിദ്യാഭ്യാസ വ്യാവസായിക മേഖല ഉൾപ്പെടെ സർവ്വമേഖലയിലും ജില്ല നേരിടുന്നത് വലിയ വിവേചനമാണ്. മഞ്ചേരി മെഡിക്കൽ കോളേജ്, ഹയർ സെക്കണ്ടറി സീറ്റ് കുറവ് എന്നിവയിലുൾപ്പെടെ മലപ്പുറത്തോട് വിവേചനപരമായ സമീപനമാണ് മാറിമാറി വന്ന സർക്കാരുകൾ ചെയ്തിട്ടുള്ളത്. ഇപ്പോൾ കെഎസ്ആർടിസി ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ച സർക്കാർ പദ്ധതി പ്രകാരം 98 ബസ്സുകളിൽ മാത്രമാണ് അതിന്റെ ഗുണം ലഭിക്കുക. മലപ്പുറത്തിന്റെ മുന്നിൽ ഒന്നും നാലിൽ ഒന്നും ജനസംഖ്യയുള്ള കോട്ടയം, പത്തനംതിട്ട, വയനാട് ജില്ലകളിൽ 150 ലധികം ബസ്സുകളുണ്ട്. തിരുവനന്തപുരത്ത് 687 ഉം കൊല്ലത്ത് 415 ഉം ബസ്സുകളുണ്ട്.

ജില്ലാ വിഭജിക്കണമെന്ന് ആവശ്യപ്പെട്ട് 2010 മുതൽ എസ്ഡിപിഐ വ്യാപകമായി സമരരംഗത്തുണ്ട്. ഹർത്താൽ ഉൾപ്പെടെ വിവിധ സമര പരിപാടികൾ ഇതിനോടകം പാർട്ടി നടത്തിയിട്ടുണ്ട്. ഇത് ജില്ലാ വിഭജനമെന്ന ആവശ്യത്തിന് പൊതുസ്വീകാര്യത വർദ്ധിപ്പിക്കുന്നതിൽ സഹായകമായെന്ന് എസ്ഡിപിഐ മനസ്സിലാക്കുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം റവന്യൂ മന്ത്രി എപി അനിൽ കുമാറിന് എസ്ഡിപിഐ ജില്ലാ കമ്മിറ്റി നിവേദനം നൽകിയിരുന്നു

ജില്ലയിലെ വികസന മുരടിപ്പിന്റെ ഏകപരിഹാരം ജില്ലാ വിഭജനമാണെന്ന് ബോദ്ധ്യമായിട്ടും വ്യാപകമായ സമരങ്ങൾ നടന്നിട്ടും ഇതിനെ മുഖവിലക്കെടുക്കാൻ സർക്കാരുകൾ തയ്യാറായിട്ടുമില്ല. ജില്ലാ വിഭജനം പഠിക്കാൻ സമിതിയെ നിയോഗിക്കണം എന്നാണ് കഴിഞ്ഞ ദിവസം യുഡിഎഫ് യോഗം ആവശ്യപ്പട്ടത്. മലപ്പുറത്തിന്റെ പച്ചയായ യാഥാർത്ഥ്യം ഇനിയും യുഡിഎഫിന് പഠിക്കേണ്ടതുണ്ടോ? ജില്ലാ വിഭജനം വൈകിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇതെല്ലാം. ഇത് അംഗീകരിക്കില്ല. യുഡിഎഫിന് സമ്പൂർണ്ണ എഡ്ജ് നൽകിയ ജില്ലയാണ് മലപ്പുറം. അതുകൊണ്ട് തന്നെ യുഡിഎഫിന് ഇക്കാര്യത്തിൽ കൂടുതൽ ഉത്തരവാദിത്വമുണ്ട്. ജില്ലാ വിഭജന നടപടികൾ വേഗത്തിലാക്കാൻ സർക്കാർ തയ്യാറാവണം.

ഗൃഹ സമ്പർക്കം, സെമിനാർ, രൂപരേഖാ സമർപ്പണം, സംസ്ഥാന ജില്ലാ അധികാരസ്ഥാപനങ്ങൾക്ക് മുമ്പിൽ ഉപവാസം, പ്രക്ഷോപതെരുവ്, പ്രതിഷേധ മാർച്ചുകൾ, സെക്രട്ടറിയേറ്റ് മാർച്ച് ഉൾപ്പെടെയുള്ള പരിപാടികൾ കാമ്പയിന്റെ ഭാഗമായി നടത്തും.

വാർത്താസമ്മേളനത്തിൽ ജില്ലാ വൈസ് പ്രസിഡന്റുമാറായ അഡ്വ. സാദിഖ് നടുത്തൊടി, എ ബീരാൻ കുട്ടി, ജനറൽ സെക്രട്ടറി മുർഷിദ് ഷമീം, സെക്രട്ടറിയേറ്റംഗം ഇർഷാദ് മൊറയൂർ എന്നിവർ പങ്കെടുത്തു.

ജില്ല വിഭജന വിഷയത്തിൽ ഔദ്യോഗിക നിലപാട്’വ്യക്തമാക്കിയിട്ടില്ലെങ്കിലും കോൺഗ്രസ് ജില്ലാ വിഭജനത്തിന് അനുകൂലമാണ്. അഖിലേന്ത്യാ വൈസ് പ്രസിഡന്റ് കെ.പി.എ.മജീദ് ഉൾപ്പെടെ പലനേതാക്കളും ജില്ലാവിഭജനത്തെ അനുകൂലമായി പരസ്യനിലപാട് സ്വീകരിച്ചെങ്കിലും ലീഗ് ഇതുവരെ പാർട്ടി നിലപാട്’വ്യക്തമാക്കിയിട്ടില്ല.

ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് മാസ്റ്റർ പ്ലാൻ തയാറാക്കി സർക്കാരിനു സമ‍ർപ്പിക്കാൻ മുസ്‌ലിം ലീഗ് ജില്ലാകമ്മിറ്റിതീരുമാനിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ചർച്ചകളിലും സെമിനാറുകളിലും ജില്ലാ വിഭജന ആവശ്യം സ്വാഭാവികമായി ഉയർന്നുവരുമെന്നു നേതാക്കൾ പറഞ്ഞു..

1969 ജൂൺ 15ന് മലപ്പുറം ജില്ല രൂപീകരിക്കുമ്പോൾ 20 ലക്ഷത്തിൽ താഴെയായിരുന്നു ജനസംഖ്യ. നിലവിൽ 45 ലക്ഷത്തിനു മുകളിലാണ്. കേരളത്തിലെ ആകെ ജനസംഖ്യയുടെ 14% മലപ്പുറത്താണ്. ജില്ലയുടെ ഒരറ്റത്ത് നിന്നു മറ്റേ അറ്റത്തെത്താൻ 3 മണിക്കൂർവരെ യാത്ര ചെയ്യണം. ഭരണപരമായ സൗകര്യം മുൻനിർത്തി ജില്ലയെ വിഭജിക്കുകയോ പുനഃക്രമീകരിക്കുകയോ വേണമെന്ന ആവശ്യം നേരത്തെയുണ്ട്. മലപ്പുറം ഉൾപ്പെടെ വലിയ ജില്ലകൾ വിഭജിക്കുകയോ പുനഃക്രമീകരിക്കുകയോ വേണമെന്നു വിവിധ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. ജില്ലാ വികസന കമ്മിഷണർ കൂടിയായ ദിലീപ് കെ.കൈനിക്കര പുതിയ സർക്കാർ പരിഗണിക്കേണ്ട വിഷയങ്ങളിൽ വലിയ ജില്ലകളുടെ വിഭജനവും ഉൾപ്പെടുത്തിയതു ചർച്ചയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button