ഹൈദരലി ശിഹാബ് തങ്ങളുടെ ഭൗതിക ശരീരം ഖബറടക്കി
പാണക്കാട്: കടലുണ്ടിപ്പുഴയുടെ തീരത്ത് പിതാവ് പൂക്കോയ തങ്ങളുടെയും മാതാവ് മറിയം ചെറിഞ്ഞി ബീവിയുടെയും സഹോദരന്മാരായ ഉമറലി ശിഹാബ് തങ്ങളുടെയും മുഹമ്മദലി ശിഹാബ് തങ്ങളുടെയും ചാരത്ത് ഹൈദരലി ശിഹാബ് തങ്ങൾ നിത്യനിദ്രയായി. തിങ്കളാഴ്ച രാവിലെ ഒമ്പതിനാണ് ഖബറടക്കം തീരുമാനിച്ചിരുന്നതെങ്കിലും പ്രതികൂല സാഹചര്യങ്ങളെ തുടർന്ന് പുലർച്ചെ രണ്ടരയോടെ സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കം നടത്തുകയായിരുന്നു.
ജുമാമസ്ജിദിൽ നടന്ന നിസ്കാരത്തിന് സാദിഖലി ശിഹാബ് തങ്ങൾ നേതൃത്വം നൽകി. പാണക്കാട് ജുമുഅത്ത്് പള്ളി ഖബർസ്ഥാനിലാണ് പുലർച്ചെ രണ്ടരയോടെ ഖബറടക്കം നടത്തിയത്. പാണക്കാട് കുടുംബത്തിലെ പലരുടേയും ഖബറിടങ്ങളും ഇവിടെയുണ്ട്. ഖബറിന്റെ ജോലികൾ ഞായറാഴ്ച വൈകീട്ടോടെതന്നെ പൂർത്തീകരിച്ചിരുന്നു.
ഹൈദരലി ശിഹാബ് തങ്ങളെ അവസാനമായി ഒരു നോക്ക് കാണാൻ ആയിരങ്ങളാണ് അർധരാത്രിയിലും പാണക്കാട് എത്തിയത്. തിങ്കളാഴ്ച രാവിലെ വരെ മലപ്പുറം ടൗൺഹാളിൽ പൊതുദർശനം ഉണ്ടാകുമെന്ന് അറിയിച്ചെങ്കിലും രാത്രി 12.30 ഓടെ പാണക്കാട്ടേക്ക് കൊണ്ടുപോയി. ആരും പാണക്കാട്ടേക്ക് വരണ്ടെന്ന് സാദിഖലി ശിഹാബ് തങ്ങൾ മൈക്കിലൂടെ അറിയിച്ചെങ്കിലും പലരും പ്രിയ നേതാവിനെ കാണാൻ പാണക്കാട്ടേക്ക് തിരിച്ചു.
ഈ സമയമത്രയും കുന്നുമ്മലിൽ പ്രവർത്തകരേയും പൊതുജനങ്ങളേയും നിയന്ത്രിക്കാനുള്ള ബുദ്ധിമുട്ടിലായിരുന്നു പോലീസും വൊളന്റിയർമാരും. പാണക്കാടേക്ക് യാത്രതിരിച്ചവരെ വലിയങ്ങാടിയിലും ഹാജിയാർപള്ളിയിലും പോലീസ് തടഞ്ഞു.
മൃതദേഹം പാണക്കാട് വീട്ടിലെത്തിയപ്പോഴും വലിയ ജനാവലി തങ്ങളെ അവസാനമായി കാണാനുണ്ടായിരുന്നു. വീട്ടിൽ നിന്ന് മൃതദേഹം രാത്രി രണ്ടേടെ പാണക്കാട് ജുമാ മസ്ജിദിൽ എത്തിച്ചു. 2.30-ന് ഖബറടക്കി. പുലർച്ചെ നാലോടെയാണ് പ്രാർഥനാ ചടങ്ങുകൾ അവസാനിച്ചു.