പാടത്ത് മാലിന്യം തള്ളിയ സംഭവം:നടപടിക്കെരുങ്ങി പഞ്ചായത്ത് അധികൃതർ
പെരുമ്പിലാവ്: ചൂണ്ടൽ കുറ്റിപ്പുറം സംസ്ഥാന പാതയിലെ തൃശൂർ മലപ്പുറം ജില്ലാ അതിർത്തിയായ കടവല്ലൂർ പാടത്ത്
റോഡിന്റെ ഇരുവശങ്ങളിലായി മാലിന്യം തള്ളിയ സംഭവത്തിൽ നടപടിക്കെരുങ്ങി കടവല്ലൂർ ഗ്രാമപഞ്ചായത്ത് അധികൃതർ മാലിന്യം തള്ളുന്ന വർക്കെതിരെ നടപടി സ്വീകരിക്കണമെന്ന നാട്ടുകാരുടെ ഏറെനാളത്തെ ആവശ്യത്തിനാണ് പഞ്ചായത്ത് അവസാനം ഒരുങ്ങിയിരിക്കുന്നത്.
പഞ്ചായത്ത് പ്രസിഡണ്ട് പി എ രാജേന്ദ്രൻ,പഞ്ചായത്ത് സെക്രട്ടറി ഉല്ലാസ് കുമാർ,വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പ്രഭാത് മുല്ലപ്പള്ളി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ചു.പഞ്ചായത്തിന്റെ സഹായത്തോടെ സുമനസ്സുകളുടെ സഹകരണത്തോടെ പാതയോരത്ത് ക്യാമറ സ്ഥാപിക്കുന്ന നടപടി ഉടൻ ആരംഭിക്കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു. രാത്രിയുടെ മറവിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.പാടത്ത് തള്ളിയ മാലിന്യങ്ങൾ ഒഴുകി കൃഷിയിടങ്ങളിലേക്ക് എത്തുന്നതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ കർഷകരും പ്രതിഷേധം അറിയിച്ചിരുന്നു.വരും ദിവസങ്ങളിൽ റോഡിന്റെ ഇരുവശങ്ങളിലെ പൊന്തക്കാടുകൾ വെട്ടിമാറ്റുമെന്നും പ്രസിഡന്റ് പറഞ്ഞു.ദിവസങ്ങൾക്ക് മുൻപ് പഞ്ചായത്ത് ആരോഗ്യ വിഭാഗവും സ്ഥലം സന്ദർശിച്ചിരുന്നു.